വലിയ ബാറ്ററിയും ആകർഷകമായ റേഞ്ചുമായി ഹീറോ വിഡ വിഎക്സ്2 പ്ലസ് 4 വിപണിയിൽ
ഷീബ വിജയൻ
മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ തങ്ങളുടെ പുതിയ വിഡ വിഎക്സ്2 പ്ലസ് 4 വിപണിയിൽ അവതരിപ്പിച്ചു. 4kWh വേരിയന്റിന്റെ ഏറ്റവും വലിയ പ്രത്യേകത വലിയ ബാറ്ററി പായ്ക്ക് ആണ്. 1,50,990 രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. വലിയ ബാറ്ററി പാക്ക് ഉൾപ്പെടുത്തിയതോടെ ഒറ്റത്തവണ ചാർജ് ചെയ്താൽ 187 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനുപുറമേ, വേഗതയേറിയ ഒരു 1kW പോർട്ടബിൾ ചാർജറും ബ്രാൻഡ് ഇതിനൊപ്പം സ്റ്റാൻഡേർഡായി നൽകുന്നുണ്ട്. പുതിയ വേരിയന്റ് ജൂലൈ അവസാനത്തോടെ ഷോറൂമുകളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ 4.4kWh ബാറ്ററി പായ്ക്കിൽ ഊരിമാറ്റാൻ സാധിക്കുന്ന രണ്ട് 2.2kWh ബാറ്ററികളാണുള്ളത്. വിഎക്‌സ്2 പ്ലസ് 3 4kWh പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഈ വലിയ 4.4kWh ബാറ്ററി പായ്ക്ക് യാത്രകളിലെ റേഞ്ച് ആശങ്കകൾ കുറയ്ക്കാൻ സഹായിക്കും.
പുതിയ 4.4kWh ബാറ്ററി പായ്ക്ക് പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ 3 മണിക്കൂറും 17 മിനിറ്റും മാത്രമാണ് സമയമെടുക്കുക. പൂജ്യത്തിൽ നിന്ന് 100 ശതമാനം പൂർണ്ണമായി ചാർജ് ചെയ്യണമെങ്കിൽ 5 മണിക്കൂറും 8 മിനിറ്റും വേണ്ടിവരും. വലിയ ബാറ്ററി പായ്ക്ക് ഒഴിച്ചുനിർത്തിയാൽ, സ്‌കൂട്ടറിന്റെ മെക്കാനിക്കൽ വശങ്ങളിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. ഇതിൽ മുൻപത്തെപ്പോലെ തന്നെ 6kW മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ഇതിന്റെ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററായി നേരിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ആക്‌സിലറേഷനായുള്ള ബൂസ്റ്റ് മോഡിനൊപ്പം ഇക്കോ (Eco), റൈഡ് (Ride), സ്‌പോർട്‌സ് (Sport) എന്നിങ്ങനെ നാല് റൈഡിങ് മോഡുകൾ ഇതിൽ ഇപ്പോഴും ലഭ്യമാണ്.
dfsdfdfs

