തീപിടിത്തം: പ്രശസ്ത ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു

ഷീബ വിജയൻ
രാജസ്ഥാൻ I ഫ്ലാറ്റിൽ തീപിടിച്ചതിനെ തുടർന്ന് പ്രശസ്ത ബാലതാരവും സഹോദരനും ശ്വാസംമുട്ടി മരിച്ചു. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ടെലിവിഷൻ താരം വീർ ശർമയും സഹോദരനുമാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ തീപിടിത്തമുണ്ടായതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് ഇരുവരുടെയും മരണകാരണം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ ആ സമയത്ത് മുംബൈയിലായിരുന്നു.
പുതിയ സിനിമയിൽ സെയ്ഫ് അലി ഖാന്‍റെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീർ ആയിരുന്നു എന്ന് റിപ്പോർട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി സംഭവസ്ഥലം പരിശോധിച്ച കോട്ട എസ്.പി തേജേശ്വനി ഗൗതം പറഞ്ഞു. ഡ്രോയിങ് റൂമിലാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് മുറികളിലേക്ക് പടരാത്തതിനാൽ കുട്ടികൾ പുക ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നതായും എസ്.പി പറഞ്ഞു. അനന്തപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിങ്ങിന്‍റെ നാലാം നിലയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ അവർ പിതാവിനെ വിവരമറിയിക്കുകയും കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
GCCVCDFVD