ഒരു രോഗിക്ക് 2.7 കോടി രൂപ! കാൻസറിനെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ


ശാരിക

ഹൈദരാബാദ്: വൈദ്യശാസ്ത്രത്തിന് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്ന കാൻസർ രോഗത്തിന് പുതിയൊരു ചികിത്സാ രീതിയുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോടെക് സ്റ്റാർട്ടപ്പ് 'പോപ് വാക്സ്' (PopVax) രംഗത്ത്. ഓരോ രോഗിയുടെയും ജനിതക വിവരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വ്യക്തിഗത കാൻസർ എം.ആർ.എൻ.എ (mRNA) വാക്സിൻ ഉടൻ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന വാർത്ത രോഗികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. എം.ആർ.എൻ.എ ഗവേഷണ രംഗത്ത് ഇന്ത്യയുടെ വലിയൊരു ചുവടുവയ്പാണിത്.

ഓരോ രോഗിയുടെയും ജനിതക ഘടനയും ട്യൂമർ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഈ വ്യക്തിഗത കാൻസർ വാക്സിനുകൾ നിർമിക്കുന്നത്. രോഗിയുടെ ട്യൂമർ ഡാറ്റ ലഭ്യമാകുന്നത് മുതൽ വാക്സിൻ നിർമാണം പൂർത്തിയാകാൻ 48 മുതൽ 70 ദിവസം വരെ സമയമെടുക്കും. ഹൈദരാബാദിലെ ആർ.എൻ.എ ഫൗണ്ടറി (RNA Foundry) മുഖേനയായിരിക്കും വാക്സിൻ രോഗികളിലേക്ക് എത്തിക്കുക.

എന്നാൽ, ഈ ചികിത്സാ രീതിയുടെ ഭീമമായ ചെലവാണ് പ്രധാന പ്രതിസന്ധി. ഒരു രോഗിയുടെ വാക്സിൻ നിർമാണത്തിന് ഏകദേശം 2.7 കോടിയോളം രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സാമ്പത്തികശേഷിയുള്ളവർക്ക് മാത്രമായിരിക്കും ഈ ചികിത്സ ലഭ്യമാകുക. എല്ലാ രോഗികൾക്കും ഒരുപോലെ രോഗമുക്തി നൽകുന്ന ഏകീകൃത ചികിത്സ നിലവിൽ കാൻസർ രംഗത്തില്ലെന്ന് പോപ് വാക്സ് സ്ഥാപകൻ സോഹം ശങ്കരൻ ചൂണ്ടിക്കാട്ടി. ഭാവിയിൽ കാൻസർ ചികിത്സ പൂർണ്ണമായും വ്യക്തിഗതമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പുതിയ ഗവേഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 15.7 ലക്ഷം പേർക്കാണ് കാൻസർ സ്ഥിരീകരിച്ചത്. ഇത് തികച്ചും ഭയപ്പെടുത്തുന്ന കണക്കാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

ആഗോളതലത്തിൽ മോഡേണ (Moderna), ബയോഎൻടെക് (BioNTech) തുടങ്ങിയ പ്രമുഖ കമ്പനികളും എം.ആർ.എൻ.എ കാൻസർ വാക്സിനുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഇതുവരെ ഒന്നിനും ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല. അതേസമയം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുകയാണ് പോപ് വാക്സിന്റെ ലക്ഷ്യം. ഭാവിയിൽ കാൻസർ ചികിത്സാരംഗത്ത് ഇത്തരം സാങ്കേതികവിദ്യ ജനകീയമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

article-image

േമോേമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed