പാകിസ്താനിൽ വനിതാ മാധ്യമപ്രവർത്തക വെടിയേറ്റ് മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ശാരിക
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകയും വാർത്താ അവതാരകയുമായ റാബിയ അഹ്സാനെ (41) റാവൽപിണ്ടിയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അഹ്സാൻ താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
റാവൽപിണ്ടിയിലെ വീട്ടിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കിടപ്പുമുറിയിലാണ് റാബിയയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവരുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തുണ്ടായിരുന്നു. വെടിയൊച്ച കേട്ട് മുറിയിലേക്ക് ഓടിയെത്തിയ സഹോദരി അൽവീന, രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്ന റാബിയയെയും കയ്യിൽ പിസ്റ്റളുമായി നിൽക്കുന്ന ഭർത്താവിനെയുമാണ് കണ്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ റാബിയയുടെ കഴുത്തിന് താഴെയും പുറത്തിന്റെ വലതുഭാഗത്തും വെടിയേറ്റ മുറിവുകൾ കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് .30 ബോർ പിസ്റ്റളും വെടിയുണ്ടകളും പഞ്ചാബ് ഫോറൻസിക് സയൻസ് അതോറിറ്റി (PFSA) കണ്ടെടുത്തു. അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ഭർത്താവ് പറഞ്ഞതെങ്കിലും പിസ്റ്റളിന്റെ സാധുവായ ലൈസൻസ് ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല.
സംഭവത്തിൽ പാകിസ്താൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. റാബിയയുടെ ദാരുണ അന്ത്യത്തിൽ പാകിസ്താൻ പ്രഥമ വനിത ആസിഫ ഭൂട്ടോ സർദാരി ദുഃഖം രേഖപ്പെടുത്തി. 92 ന്യൂസ് ചാനലിൽ ജോലി ചെയ്തിരുന്ന റാബിയ രണ്ട് പെൺമക്കളുടെ അമ്മയാണ്.
fdsfsdf

