വിമാനത്താവളങ്ങളിൽ വാറ്റ് റീഫണ്ട് നടപടികൾ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി യുഎഇ


ശാരിക

ദുബൈ: യുഎഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി വിമാനത്താവളങ്ങളിൽ വാറ്റ് റീഫണ്ട് നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാം. ഫെഡറൽ ടാക്സ് അതോറിറ്റി പ്ലാനറ്റ് ടാക്സ് ഫ്രീയുമായി സഹകരിച്ചാണ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലുള്ള പുതിയ ടാക്സ് റീഫണ്ട് പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുള്ളത്. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപടികൾ ലളിതമാക്കുകയും കാത്തിരിപ്പ് സമയം കുറക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് പുതിയ സംവിധാനം നിലവിൽ വന്നിട്ടുള്ളത്. വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതിന് മുമ്പ് വിനോദസഞ്ചാരികൾക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ റീഫണ്ട് നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ടാക്സ് റീഫണ്ട് ലഭിക്കാൻ യാത്രക്ക് മുമ്പ് ‘പ്ലാനറ്റ്’ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്ന് വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സ് റീഫണ്ട് സേവനകേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യു.ആർ കോഡ് പ്ലാനറ്റ് ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് നടപടികൾ ആരംഭിക്കാം.

എല്ലാ ഇടപാടുകൾക്കും നേരിട്ടുള്ള പരിശോധന ആവശ്യമില്ലെങ്കിലും വാങ്ങിയ സാധനങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധന വേണമെങ്കിൽ ആപ്പിലൂടെ അറിയിപ്പ് ലഭിക്കും. തുടർന്ന് പ്ലാനറ്റ് സ്മാർട്ട് ഗേറ്റിൽ മുഖം സ്കാൻ ചെയ്ത് തിരിച്ചറിയലും ഇടപാട് വിവരങ്ങളും പരിശോധിക്കാവുന്നതാണ്. യു.എ.ഇയിൽ മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും ബാധകമായ വാറ്റ് നിരക്ക് അഞ്ച് ശതമാനമാണ്. നിബന്ധനകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് യോഗ്യമായ ടൂറിസ്റ്റ് റീഫണ്ട് പദ്ധതിയിലൂടെ വാറ്റ് തിരികെ ലഭിക്കാം. എന്നാൽ വാങ്ങിയ തുകയുടെ അഞ്ച് ശതമാനം മുഴുവനും റീഫണ്ടായി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും വാങ്ങലിന്റെ യോഗ്യതയും ബാധകമായ സേവനച്ചാർജുകളും അനുസരിച്ച് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടാകാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിനോദസഞ്ചാരികൾ യാത്രക്ക് മുമ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും പാസ്‌പോർട്ടും ടാക്സ് ഫ്രീ രേഖകളും തയ്യാറാക്കി വെക്കുകയും ചെയ്യേണ്ടതാണ്. നികുതി സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കിയതെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. സർക്കാർ സേവനങ്ങളിലെ നടപടിക്രമങ്ങൾ ലളിതമാക്കുകയും പേപ്പർ ഉപയോഗം കുറയ്ക്കുകയും ലക്ഷ്യമിടുന്ന ‘ഡിജിറ്റൽ സീറോ ബ്യൂറോക്രസി’ പദ്ധതിയുടെ ഭാഗം കൂടിയാണിത്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed