ഡൽഹിയിലെ കൂട്ടമാനഭംഗങ്ങൾ: നിർഭയ കേസിനോട് വേദനാജനകമായ സാമ്യമെന്ന് സുപ്രീംകോടതി; സ്വമേധയാ കേസെടുത്തു


ശാരിക

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും അടുത്തിടെ റിപ്പോർട്ട് ചെയ്ത ക്രൂരമായ കൂട്ടമാനഭംഗ സംഭവങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. നടുക്കുന്ന ഈ സംഭവങ്ങൾക്ക് 2012-ലെ നിർഭയ കേസുമായി "വേദനാജനകമായ സാമ്യങ്ങൾ" ഉണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ജെ. ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലുമുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.

ഡൽഹി-എൻ.സി.ആർ മേഖലയിൽ നിന്നുള്ള മാനഭംഗ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് അടിസ്ഥാനപരമായ സുരക്ഷ ഉറപ്പാക്കുന്നതിൽ നിയമനിർവഹണ ഏജൻസികൾക്കും ഭരണകൂടത്തിനും സംഭവിച്ച വ്യവസ്ഥാപിതമായ പരാജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. മതിയയായ വെളിച്ചമില്ലായ്മ, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, മറ്റ് ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം പാർക്കുകളും ബസുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ അപകടമേഖലകളായി മാറാൻ അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് പർദിവാല വ്യക്തമാക്കി.

കേവലം അനുതാപം പ്രകടിപ്പിച്ചതുകൊണ്ട് മാത്രം കാര്യമായില്ലെന്നും, വീഴ്ച വരുത്തിയ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. 2012-ലെ നിർഭയ സംഭവവുമായി വേദനാജനകമായ സാമ്യതകൾ കാണാതിരിക്കാൻ കഴിയില്ലെന്ന് ജസ്റ്റീസ് പർദിവാല ചൂണ്ടിക്കാട്ടി. സ്ലീപ്പർ ബസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ, ബസിന്റെ ജനലുകളിലെ കർട്ടനുകൾ പ്രതികൾ മുതലാക്കുകയായിരുന്നു. കൂടാതെ, നിർഭയ കേസിനുശേഷം നിയമപരമായി നിർബന്ധമാക്കിയിരുന്ന സി.സി.ടി.വി ക്യാമറകൾ ബസിൽ പ്രവർത്തനക്ഷമമായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റിൽ ഉത്തർപ്രദേശിലെ മെയ്ൻപുരിയിൽ നിന്ന് നോയിഡയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 16-കാരി ഗ്രേറ്റർ നോയിഡയിൽ വെച്ച് സ്ലീപ്പർ ബസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായിരുന്നു. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ 40 കിലോമീറ്ററോളം അകലെയുള്ള പഴയ ഡൽഹിയിലെ കാഷ്മീരി ഗേറ്റിന് സമീപം ഉപേക്ഷിക്കുകയാണുണ്ടായത്. സംഭവത്തിൽ ഇരുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, ജന്മദിനത്തിൽ തെക്കൻ ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിൽ ദർശനത്തിന് പോയ 17-കാരി സമീപത്തെ പാർക്കിൽ വെച്ച് ആക്രമിക്കപ്പെട്ടു. പൊലീസുകാരെന്ന വ്യാജേനയെത്തിയ സംഘമാണ് പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്.

article-image

sfggd

You might also like

  • Lulu Exchange
  • Straight Forward

Most Viewed