ഡൽഹിയിൽ ശീതകാല വായുമലിനീകരണത്തിനെതിരെ കടുത്ത നിയന്ത്രണങ്ങൾ; പാർക്കിങ് ഫീസ് ഇരട്ടിയാക്കും, 50% വർക്ക് ഫ്രം ഹോം
ശാരിക
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമാകുന്ന ശീതകാലം മുന്നിൽ കണ്ട് കടുത്ത പ്രതിരോധ നടപടികളുമായി ഡൽഹി സർക്കാർ. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാർക്കിങ് ഫീസ് ഇരട്ടിയാക്കാനും, സർക്കാർ-സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' ഏർപ്പെടുത്താനും തീരുമാനിച്ചു.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി നവംബർ 1 മുതൽ അംഗീകൃത പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഇരട്ടിയാക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ളവയിൽ 2027 ഫെബ്രുവരി 28 വരെ ഈ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകും. മലിനീകരണ തോത് കുറയ്ക്കുന്നതിനായി നവംബർ 1 മുതൽ ഫെബ്രുവരി 28 വരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബാക്കി 50 ശതമാനം ജീവനക്കാർ മാത്രമായിരിക്കും ഓഫീസുകളിൽ നേരിട്ടെത്തുക.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) ഓഫീസുകൾ രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 വരെയും, ഡൽഹി സർക്കാർ ഓഫീസുകൾ രാവിലെ 10:00 മുതൽ വൈകുന്നേരം 6:30 വരെയുമായിരിക്കും പ്രവർത്തിക്കുക. നവംബർ 1 മുതൽ ഫെബ്രുവരി 28 വരെയായിരിക്കും ഈ പുതിയ സമയക്രമം നിലവിലുണ്ടാകുക.
ഇതിനുപുറമെ, ഡിസംബർ 10 മുതൽ 2027 ജനുവരി 20 വരെ നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് പൂർണ്ണ നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്തുന്ന തരം നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 1 മുതൽ ജനുവരി 31 വരെ പൂർണ്ണമായി നിർത്തിവെക്കും.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ പര്യവരൺ ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ഡൽഹി ഭക്ഷ്യ-വിതരണ മന്ത്രി മജീന്ദർ സിങ് സിർസ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധവായു ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും, മലിനീകരണ നിയന്ത്രണത്തിനായി വർഷം മുഴുവൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എക്സിൽ (X) കുറിച്ചു.
sfsdf

