ഉജ്ജയിനിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഷാഹി മസ്ജിദ് ഭാഗികമായി പൊളിച്ചുനീക്കുന്നു; വൻ സംഘർഷം, ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും
ശാരിക
ഇൻഡോർ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധവും എതിർപ്പും അവഗണിച്ച് നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം ഭരണകൂടം പൊളിച്ചുനീക്കുന്നു. തിങ്കളാഴ്ച രാവിലെയോടെ വൻ പോലീസ് സന്നാഹത്തോടെ പൊളിക്കൽ നടപടികൾ ആരംഭിച്ചതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിന് നേരെ കല്ലേറുണ്ടായി.
2028-ൽ നടക്കുന്ന സിംഹസ്ത കുംഭമേളയ്ക്ക് മുന്നോടിയായി കാന്താൾ ചൗരഹക്കും ഗോപാൽ മന്ദിറിനും ഇടയിലുള്ള 900 മീറ്റർ റോഡ് 15 മീറ്ററായി വീതികൂട്ടുന്നതിനായി 'ഉജ്ജയിൻ ഡെവലപ്മെന്റ് പ്ലാൻ 2035' പ്രകാരമാണ് ഉജ്ജയിൻ മുൻസിപ്പൽ കോർപ്പറേഷൻ പള്ളിയുടെ ഭാഗങ്ങൾ പൊളിക്കുന്നത്. പള്ളിയുടെ പ്രാർത്ഥനാ ഹാൾ (ജമാഅത്ത് ഖാന), 120 അടി ഉയരമുള്ള മിനാരം, മസ്ഹർ ചൗക്ക് ഷാഹി എന്നിവയാണ് റോഡ് വികസനത്തിന്റെ പേരിൽ പൊളിച്ചുമാറ്റുന്നത്.
മസ്ജിദ് വഖഫ് സ്വത്താണെന്നും, റോഡിന്റെ മറുഭാഗത്ത് നിന്ന് സ്ഥലം ഏറ്റെടുത്ത് പൈതൃക ആരാധനാലയം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഗതാഗത സൗകര്യവും പൊതുജന സുരക്ഷയും ഉറപ്പുവരുത്തുന്നത് അനിവാര്യമായ പൊതുതാൽപ്പര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പൊളിക്കലിന് അനുമതി നൽകിയത്.
കഴിഞ്ഞ രണ്ട് ദിവസമായി നൂറുകണക്കിന് പ്രദേശവാസികൾ രാത്രിയിലും പള്ളിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പൊളിക്കൽ നീക്കം അധികൃതർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ വൻ പോലീസ് വ്യൂഹമെത്തി ബലപ്രയോഗത്തിലൂടെ ആളുകളെ മാറ്റിയ ശേഷമാണ് നടപടികൾ പുനരാരംഭിച്ചത്. നിലവിൽ പ്രദേശത്ത് 2,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും 500 മീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ തീർത്ത് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ചരിത്രപരമായ പ്രാധാന്യമുള്ള പൈതൃക കേന്ദ്രം തകർക്കുന്ന ഭരണകൂട നടപടിയെ ശക്തമായി വിമർശിച്ച് കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ് ഗർഹി രംഗത്തെത്തി. സംസ്ഥാന സർക്കാർ ജനവികാരത്തെ മാനിക്കണമെന്നും കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ പള്ളിക്ക് ചുറ്റും ബാരിക്കേഡുകൾ തീർത്ത് ഭരണകൂടം ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവികാരം മാനിച്ച് റോഡ് വികസനത്തിനായി ആവശ്യമായ സ്ഥലം മറുവശത്തുനിന്ന് ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
fsfsf

