ബംഗാളിൽ ബിജെപി ഭരണത്തിന് കീഴിൽ ന്യൂനപക്ഷ വേട്ടയെന്ന് ആരോപണം : 35 ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം
ശാരിക
പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതിനു ശേഷം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നതെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി. അധികാരത്തിലെത്തിയതിനു ശേഷം 35 ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. പലയിടങ്ങളിലും പ്രാർത്ഥന തടസ്സപ്പെടുകയും ചെയ്തു. ബംഗാളിന്റെ ഉൾപ്രദേശങ്ങളിലാണ് കൂടുതൽ അക്രമങ്ങളും നടന്നത്. നിർബന്ധിത മതപരിവർത്തനമോ മതം മാറ്റാനുള്ള ശ്രമങ്ങളോ ആരോപിച്ചാണ് പീഡനങ്ങളും അതിക്രമങ്ങളും നടക്കുന്നത്. ഈ സംഭവങ്ങളിൽ പലതിലും പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കുറ്റവാളികൾക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പകരം ഇരകളെയാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതെന്ന് 'ബംഗിയ ക്രിസ്ത്യ പരിസേബ' സ്ഥാപകനായ ഹെറോദ് മല്ലിക് പറഞ്ഞു.
കഴിഞ്ഞ രണ്ടര മുതൽ മൂന്ന് മാസത്തിനിടയിൽ സമാനമായ രീതിയിൽ വിവിധ ജില്ലകളിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷപാതമില്ലാത്ത അന്വേഷണം ആവശ്യപ്പെട്ട് തങ്ങൾ മുഖ്യമന്ത്രിയെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും സർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും, നിരവധി ആളുകളെ മർദ്ദിക്കുകയും കുരിശുകൾ തകർക്കുകയും ദിവസേന ആരെയെങ്കിലുമൊക്കെ ഉപദ്രവിക്കുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും തങ്ങളെല്ലാം ഭയത്തിലും ആശങ്കയിലുമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഈ മാസം 20-ന് ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ കിഴക്കൻ മേദിനിപൂർ ജില്ലയിലെ ഖേജൂരി ബ്ലോക്ക് II-ലെ ദെഖാലി ജൽപായ് ഗ്രാമത്തിലെ ഒരു പള്ളിയിൽ അൻപതോളം പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറുകയും പള്ളി ഉടൻ പൂട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. 16-ന് അംതയിലെ ഘോരബെരിയ ദക്ഷിൻ ഭട്ടോറ ഗ്രാമവാസികളായ പുതുൽ മന്നയും ഭർത്താവ് കാഞ്ചൻ മന്നയും തങ്ങൾ പ്രാർത്ഥനാ യോഗം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു സംഘം ആളുകൾ വീട്ടിലേക്ക് അതിക്രമിച്ചുകയറിയതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 13-ന് പടിഞ്ഞാറൻ മേദിനിപൂരിലെ ദന്തൻ, തൽദയിലെ സിർനി ഗ്രാമത്തിലുള്ള ഒരു ഭവന സഭയിൽ നടന്ന ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷ കാവി വസ്ത്രം ധരിച്ച ഒരു സംഘം ആളുകൾ തടസ്സപ്പെടുത്തി.
ക്രിസ്തുമതം ഒരു ഇന്ത്യൻ മതമല്ലെന്നും ഇന്ത്യൻ സർക്കാർ ദേശീയ അവധിയോ ക്രിസ്ത്യൻ വിശേഷ ദിവസങ്ങളോ ആഘോഷിക്കുന്നില്ലെന്നും അവരിൽ ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. 5-ന് കുൽപി നിയമസഭാ മണ്ഡലത്തിലെ ഈശ്വർപൂർ രാംനഗറിലെ ഒരു ഗ്രാമത്തിൽ പ്രാർത്ഥനാ യോഗത്തിനിടയിൽ ബജ്രംഗ് ദൾ കുൽപി, വി.എച്ച്.പി. അംഗങ്ങൾ ഒരു വീട്ടിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
dsdssdsd

