സി.ഇ.സി ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം: കോക്രോച്ച് ജനതാ പാർട്ടി
ശാരിക
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. മുംബൈയിൽ നിന്ന് തുടക്കം കുറിക്കുന്ന സമരം രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സാമൂഹിക മാധ്യമമായ എക്സിലൂടെ (X) അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം തിരിച്ചുപിടിക്കാൻ ഒക്ടോബർ രണ്ടിനേക്കാൾ മികച്ച ദിവസമില്ലെന്ന് പാർട്ടിയുടെ സഹകൺവീനർ അശുതോഷ് രാങ്കയും പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർച്ചയായി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച ദീപ്കെ, രാജി ആവശ്യത്തിൽ കമ്മീഷൻ ഉറച്ചുനിന്നില്ലെങ്കിൽ രാജ്യം 'ജന്തർ മന്തർ 2.0' പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിക്കുമ്പോഴും വീണ്ടും മത്സരരംഗത്തിറങ്ങുന്ന പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരം മത്സരങ്ങൾ അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പുകളെ നിയമവിധേയമാക്കാൻ മാത്രമേ സഹായിക്കൂ എന്നും, വോട്ടുകൾ മോഷ്ടിക്കപ്പെടുകയും ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങുകയും ചെയ്യുന്ന വ്യവസ്ഥിതിയിൽ എന്ത് അസ്തിത്വമാണ് പ്രതിപക്ഷം സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വോട്ടർപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ രൂക്ഷമായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സി.ജെ.പിയുടെ ഈ കടുത്ത പ്രഖ്യാപനം. വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും കമ്മീഷൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിൽ മറ്റ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, എല്ലാ തീരുമാനങ്ങളും കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോട് വിശദീകരിച്ചത്.
fsdf

