സാമ്പത്തിക ആശ്വാസത്തിന് നാല് അടിയന്തര നിർദ്ദേശങ്ങൾ; എംപിമാരുടെ അംഗീകാരം ഇനി ബഹ്റൈൻ മന്ത്രിസഭയുടെ പരിഗണനയ്ക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ്റെ ആക്രമണങ്ങളെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പാർലമെന്റ് അംഗങ്ങൾ മുന്നോട്ടുവെച്ച നാല് അടിയന്തര നിർദ്ദേശങ്ങൾക്ക് സഭയുടെ ഏകകണ്ഠമായ അംഗീകാരം. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണി സുസ്ഥിരമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ അടിയന്തര അവലോകനത്തിനായി മന്ത്രിസഭയ്ക്ക് കൈമാറി. കമ്പനികൾക്കുള്ള ഫീസ് ഇളവ്, സബ്‌സിഡി നൽകുന്ന മാവ് (ഫ്ലോർ) വിലയിൽ കർശന നിയന്ത്രണം, മത്സ്യബന്ധന നിരോധനം താൽക്കാലികമായി നീക്കൽ എന്നിവയാണ് ഇതിലെ പ്രധാന ശുപാർശകൾ.

തൊഴിൽ പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും സ്പോൺസർഷിപ്പ് മാറ്റത്തിനുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഈടാക്കുന്ന ഫീസിൽ നിന്ന് കമ്പനികൾക്ക് ആറുമാസത്തെ ഇളവ് നൽകണമെന്നാണ് ആദ്യ നിർദ്ദേശം. കരാർ മേഖല, ടൂറിസം, റീട്ടെയിൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വരുമാനത്തിൽ 40 മുതൽ 60 ശതമാനം വരെ കുറവുണ്ടായ സാഹചര്യത്തിൽ, ബിസിനസ്സുകളെ തകർച്ചയിൽ നിന്ന് രക്ഷിക്കാനും തൊഴിൽ സംരക്ഷിക്കാനും ഈ നടപടി സഹായിക്കുമെന്ന് സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽവാഹിദ് അബ്ദുൽ അസീസ് ഖരാത്ത ചൂണ്ടിക്കാട്ടി.

ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സർക്കാർ സബ്‌സിഡി നൽകുന്ന മാവ് ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന മേൽനോട്ടം വേണമെന്നതാണ് രണ്ടാമത്തെ പ്രമേയം. സബ്‌സിഡി നൽകുന്ന മാവ് അനധികൃതമായി വിറ്റഴിക്കുന്നത് സാധാരണക്കാരൻ്റെ ദൈനംദിന ഭക്ഷണമായ ബ്രെഡിൻ്റെ വിലയെ ബാധിക്കുമെന്നും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന പരിശോധന വേണമെന്നും എംപി ബസീമ മുബാറക് ആവശ്യപ്പെട്ടു.

മേഖലയിലെ സുരക്ഷാ ആശങ്കകളും സപ്ലൈ ചെയിനിലുണ്ടായ തടസ്സങ്ങളും കണക്കിലെടുത്ത് നിലവിലെ മത്സ്യബന്ധന നിരോധനങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്നതാണ് മറ്റ് രണ്ട് നിർദ്ദേശങ്ങൾ. സാഫി, ശാരി, അന്ദാഖ് തുടങ്ങിയ മത്സ്യങ്ങളുടെ സീസണൽ നിരോധനം തുടരുന്നത് വിപണിയിൽ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്ന് എംപി ഖാലിദ് ബു അൻഖ് പറഞ്ഞു. ഇറക്കുമതിയെ ബാധിച്ച സാഹചര്യത്തിൽ പ്രാദേശിക ഉൽപ്പാദനത്തെ ആശ്രയിക്കേണ്ടത് അത്യാവശ്യമാണെന്നും കടലിൽ പോകാൻ സുരക്ഷാ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കേണ്ടത് ദേശീയ കടമയാണെന്നും എംപി മുഹമ്മദ് അൽ ഒലൈവി കൂട്ടിച്ചേർത്തു. അസാധാരണമായ ഈ സാഹചര്യത്തിൽ ജനങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുക എന്നതാണ് ഈ നിർദ്ദേശങ്ങളുടെ ലക്ഷ്യമെന്ന് എംപിമാർ വ്യക്തമാക്കി.

article-image

sxsadsasad

You might also like

  • NEC

Most Viewed