സാർ വാഹനാപകടം: പ്രതിയുടെ അപ്പീൽ തള്ളി; 9 വർഷം തടവ് ശരിവെച്ച് ബഹ്‌റൈൻ കാസേഷൻ കോടതി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനെ നടുക്കിയ സാർ വാഹനാപകടക്കേസിലെ പ്രതിയുടെ അന്തിമ അപ്പീൽ ബഹ്‌റൈൻ കാസേഷൻ കോടതി തള്ളി. അമിതവേഗതയിലും ലഹരിപാനീയങ്ങൾ ഉപയോഗിച്ചും വാഹനമോടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ 29 വയസ്സുകാരനായ ബഹ്‌റൈൻ സ്വദേശിക്ക് കീഴ്ക്കോടതികൾ വിധിച്ച ഒമ്പത് വർഷത്തെ തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു.

കഴിഞ്ഞ വർഷം മെയ് 30-ന് പുലർച്ചെ സാറിലെ അവന്യൂ 13-ലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പ്രതി സഞ്ചരിച്ചിരുന്ന ഡോഡ്ജ് കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന ടൊയോട്ട കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ ടാക്സി ഡ്രൈവറായ അഹമ്മദ് അൽ ഉറൈദ് (40), ഭാര്യ ഫാത്തിമ (36) എന്നിവർ സംഭവദിവസം തന്നെ മരണപ്പെട്ടു. ഇവരുടെ ഏഴ് വയസ്സുകാരനായ മകൻ അബ്ദുൽ അസീസ് രണ്ടാഴ്ചയ്ക്ക് ശേഷം ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരി ആയും ഒമ്പത് വയസ്സുകാരൻ യൂസഫും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുഖത്തും തോളിലും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ്. മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ട ഈ കുട്ടികൾ ഇപ്പോൾ സെഗയ്യയിലുള്ള ബന്ധുക്കൾക്കൊപ്പമാണ് കഴിയുന്നത്.

മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യക്കും ആറ് വർഷം തടവാണ് കോടതി വിധിച്ചത്. കൂടാതെ ലഹരിമരുന്ന് കൈവശം വെച്ചതിന് മറ്റൊരു കേസിൽ മൂന്ന് വർഷം കൂടി ശിക്ഷ ലഭിച്ചു. ആകെ ഒമ്പത് വർഷത്തെ തടവിനു പുറമെ 3,000 ദിനാർ പിഴയും, ശിക്ഷാ കാലാവധിക്ക് ശേഷം ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

അപകടസമയത്ത് തനിക്ക് അപസ്മാരം ഉണ്ടായെന്നും ടയർ പൊട്ടിത്തെറിച്ചതാണെന്നുമുള്ള പ്രതിയുടെ വാദങ്ങൾ കോടതി തള്ളി. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ഒരു കുടുംബത്തെ തകർത്ത പ്രതിക്ക് യാതൊരുവിധ ഇളവും നൽകരുതെന്ന പബ്ലിക് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ അപകടത്തെത്തുടർന്നാണ് ബഹ്‌റൈനിൽ ട്രാഫിക് നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയയത്.

article-image

assasaas

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed