ഇറാൻ ആക്രമണം: വിപണിയിൽ പരിശോധന കർശനമാക്കി ബഹ്റൈൻ വാണിജ്യ മന്ത്രാലയം; ലഭിച്ചത് ഇരുന്നൂറിലധികം പരാതികൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ്റെ ആക്രമണങ്ങളെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ബഹ്‌റൈൻ വ്യവസായ-വാണിജ്യ മന്ത്രാലയം പരിശോധനകൾ ഊർജിതമാക്കി. യുദ്ധസമാനമായ സാഹചര്യം മുതലെടുത്ത് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഇരുന്നൂറിലധികം പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്.

വിവിധ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി ലഭിച്ച പരാതികളിൽ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് കൃത്യമായ അന്വേഷണം നടത്തിവരികയാണെന്ന് ഡയറക്ടർ മോന അൽ അലവി വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളം സ്ക്വാഡുകൾ പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ടോർച്ച് ലൈറ്റുകൾക്ക് അമിതവില ഈടാക്കിയ ഒരു സ്ഥാപനം കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരിശോധനയെത്തുടർന്ന് അധികൃതർ അടപ്പിച്ചു.

മനാമ, ഹിദ്ദ്, ദിയാർ അൽ മുഹറഖ്, ഈസ്റ്റ് റിഫ, ഈസ ടൗൺ തുടങ്ങി വിവിധ മേഖലകളിലെ 102 റീട്ടെയിൽ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി സാധനങ്ങളുടെ ലഭ്യതയും വിലനിലവാരവും പരിശോധിച്ചു. മിക്ക സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ മതിയായ ശേഖരമുണ്ടെന്നും ചില ഉൽപ്പന്നങ്ങൾക്ക് തുടക്കത്തിൽ ഉണ്ടായ നേരിയ വിലക്കയറ്റം ഇപ്പോൾ സാധാരണ നിലയിലായതായും മോന അൽ അലവി പറഞ്ഞു.

വിപണിയിലെ അസ്വാഭാവികമായ വിലക്കയറ്റമോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് മന്ത്രാലയത്തെ വിവരം അറിയിക്കാം. കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിനെ 17007003 എന്ന നമ്പറിലോ consumer_protection@moic.gov.bh എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. പരാതികൾ നൽകാൻ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റിന്റെ 17111252 എന്ന നമ്പറിൽ വിളിക്കുകയോ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. inspection@moic.gov.bh എന്ന മെയിൽ വിലാസവും ഇതിനായി ഉപയോഗിക്കാം.

article-image

adsdsadsa

You might also like

  • NEC

Most Viewed