ബഹ്‌റൈൻ വ്യോമാതിർത്തിയിൽ 24 മണിക്കൂറിനിടെ രണ്ട് ഡ്രോണാക്രമണം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇറാൻ്റെ നേതൃത്വത്തിൽ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ അറിയിച്ചു. ഇതോടെ സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈൻ സൈന്യം വെടിവെച്ചിട്ട മിസൈലുകളുടെ എണ്ണം 182-ഉം ഡ്രോണുകളുടെ എണ്ണം 400-ഉം ആയി ഉയർന്നു.
രാജ്യത്തിൻ്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ബഹ്‌റൈൻ വ്യോമ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സൈന്യം സുസജ്ജമാണെന്ന് ബി.ഡി.എഫിനെ ഉദ്ധരിച്ച് എൻ.സി.സി വ്യക്തമാക്കി. സുരക്ഷാ ഏജൻസികൾ നൽകുന്ന കർശനമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വിവരങ്ങൾ കൈമാറുന്നതിൽ അതീവ സൂക്ഷ്മത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും കമ്മ്യൂണിക്കേഷൻ സെൻ്റർ നിർദ്ദേശിച്ചു. വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ദേശീയ ഉത്തരവാദിത്തം നിറവേറ്റാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു
dfgdf


