ബഹ്‌റൈന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; തകർത്തത് 580 ആക്രമണങ്ങൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) വിജയകരമായി പ്രതിരോധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ബഹ്‌റൈൻ ലക്ഷ്യമാക്കി എത്തിയ എട്ട് മിസൈലുകളും ഏഴ് ഡ്രോണുകളും സൈന്യത്തിന്റെ എയർ ഡിഫൻസ് സിസ്റ്റം ആകാശത്തുവെച്ച് തന്നെ തകർത്തു. നാഷണൽ കമ്മ്യൂണിക്കേഷൻ സെന്ററാണ് ബി.ഡി.എഫ് ജനറൽ കമാൻഡിനെ ഉദ്ധരിച്ച് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 182 മിസൈലുകളും 398 ഡ്രോണുകളും ആണ് ബിഡിഎഫ് എയർ ഡിഫൻസ് സിസ്റ്റം തകർത്തത്. സൈന്യത്തിന്റെ അതീവ ജാഗ്രതയും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുമാണ് വൻ ദുരന്തം ഒഴിവാക്കിയത്.

രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. സൈനികരുടെ ഉയർന്ന പോരാട്ടവീര്യത്തിലും പ്രവർത്തനക്ഷമതയിലും അഭിമാനമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്നും ബി.ഡി.എഫ് ചൂണ്ടിക്കാട്ടി.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകന്നു നിൽക്കണം. സൈനിക നീക്കങ്ങളുടെയോ മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കരുത്. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.

article-image

erw4rewerwrew

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed