ദേശീയ സുരക്ഷ ശക്തം; ആകാശത്ത് കേൾക്കുന്ന ശബ്ദങ്ങൾ മിസൈൽ പ്രതിരോധത്തിന്റേതെന്ന് ബഹ്റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും വിശദീകരിച്ച് നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ (NCC) ഇന്ന് വൈകുന്നേരം 6 മണിക്ക് ബഹ്റൈൻ ടിവിയിലൂടെ പ്രത്യേക മാധ്യമ ബ്രീഫിംഗ് നടത്തി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ-സുരക്ഷാ വിഭാഗങ്ങൾ പൂർണ്ണ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ക്രൈസിസ് മാനേജ്മെന്റ് സെന്റർ നിലവിൽ സജീവമാണ്. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും ഈ സംവിധാനം സഹായിക്കുന്നു. സൈബർ ആക്രമണങ്ങളെ നേരിടാനുള്ള ബഹ്റൈന്റെ ഡിജിറ്റൽ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും നിരവധി സൈബർ ആക്രമണങ്ങളെ ഇതിനോടകം വിജയകരമായി പ്രതിരോധിച്ചതായും അധികൃതർ അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 33 ഷെൽട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 13 എണ്ണത്തിലായി രണ്ടായിരത്തിലധികം പേർക്ക് നിലവിൽ അഭയം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡ്രോണുകൾ കെട്ടിടങ്ങളിൽ ഇടിച്ചത് ഉൾപ്പെടെയുള്ള 90 അടിയന്തര റിപ്പോർട്ടുകൾ ലഭിച്ചതായും ഇവ കൃത്യമായ നടപടിക്രമങ്ങളിലൂടെ പരിഹരിച്ചതായും ബ്രീഫിംഗിൽ വ്യക്തമാക്കി.
കോസ്റ്റ് ഗാർഡ് പട്രോളിംഗ് ശക്തമാക്കുകയും സുരക്ഷാ നിലവാരം ഏറ്റവും ഉയർന്ന തലത്തിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ സമുദ്രാതിർത്തിയിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധന സമയം കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബഹ്റൈന്റെ ആകാശത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമാതിർത്തിയിൽ ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും ഇതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
aa


