മരുന്നുകളുടെ ലഭ്യത; സംഭരണവും വിതരണവും വിലയിരുത്തി ബഹ്റൈൻ അധികൃതർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും തടസ്സമില്ലാത്ത ലഭ്യത പരിശോധിക്കുന്നതിനുമായി ഉന്നതതല സംഘം സെൻട്രൽ മെഡിക്കൽ വെയർഹൗസുകളിൽ സന്ദർശനം നടത്തി. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ഹിസ് എക്സലൻസി ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് സയ്യിദ് ജവാദ് ഹസ്സൻ എന്നിവരാണ് 'ഷിഫ നാഷണൽ മെഡിക്കൽ സപ്ലൈസ്' ഗോഡൗണുകളിൽ പരിശോധന നടത്തിയത്.

നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ സപ്ലൈ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെയും മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ഈ സന്ദർശനം. സ്വദേശികൾക്കും താമസക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ മരുന്നുകളുടെ സംഭരണത്തിനും വിതരണത്തിനും വലിയ പങ്കുണ്ടെന്ന് ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. അത്യാധുനിക സംഭരണ രീതികൾ നടപ്പിലാക്കുന്നതിലൂടെ ആരോഗ്യമേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ നടപ്പിലാക്കിയിട്ടുള്ള നൂതന സംവിധാനങ്ങളെ ആരോഗ്യ മന്ത്രി ഡോ. ജലീല അഭിനന്ദിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കുമുള്ള മരുന്നുകളുടെ വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുമെന്നും അവർ പറഞ്ഞു.

സന്ദർശന വേളയിൽ, മരുന്നുകൾ സ്വീകരിക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതുമായ ലോജിസ്റ്റിക് നടപടികൾ ഉദ്യോഗസ്ഥർ അവലോകനം ചെയ്തു. ദേശീയ മെഡിക്കൽ സപ്ലൈ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനാവശ്യമായ ഭാവി വികസന പദ്ധതികളും ചർച്ചയായി. ഏത് അടിയന്തര സാഹചര്യത്തിലും ആരോഗ്യസേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ ഉറപ്പുനൽകി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed