ആഗോള ഭൂപടത്തിൽ ബഹ്റൈനിലെ നാല് ഗ്രാമങ്ങൾ; റോമിൽ നടന്ന യു.എൻ സമ്മേളനത്തിൽ ആദരം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിലെ കാർഷിക ഗ്രാമങ്ങളായ ഹൂറത്ത് ആലി, ബൂരി, കറാന, ബുദയ്യ എന്നിവയ്ക്ക് ആഗോള അംഗീകാരം ലഭിച്ചു. ഇറ്റലിയിലെ റോമിൽ നടന്ന യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ലോക സമ്മേളനത്തിലാണ് ഈ ഗ്രാമങ്ങളെ പ്രത്യേകമായി ആദരിച്ചത്. പാരമ്പര്യം, നവീനത, സംസ്കാരം എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ നേട്ടം കൈവരിച്ചത്. 'എഫ്.എ.ഒ വില്ലേജസ് റെക്കഗ്നിഷൻ ഇനിഷ്യേറ്റീവ്' പ്രകാരം ഓരോ ഗ്രാമത്തെയും വ്യത്യസ്ത വിഭാഗങ്ങളിലായാണ് തിരഞ്ഞെടുത്തത്.
ശാസ്ത്രം, നൂതന സാങ്കേതികവിദ്യ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ കാർഷിക മേഖലയിൽ വിജയകരമായി നടപ്പിലാക്കിയതിനാണ് ഹൂറത്ത് ആലി അംഗീകരിക്കപ്പെട്ടത്. പ്രകൃതിദത്തമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ബൂരി ഗ്രാമം മാതൃകയായപ്പോൾ, പരമ്പരാഗത ഭക്ഷണ സംസ്കാരത്തിന് നൽകിയ പ്രാധാന്യമാണ് കറാനയെ നേട്ടത്തിന് അർഹമാക്കിയത്. അഗ്രി-ടൂറിസം അഥവാ കാർഷിക വിനോദസഞ്ചാര മേഖലയിലെ മികച്ച മുന്നേറ്റത്തിനാണ് ബുദയ്യ ഗ്രാമത്തിന് ആദരം ലഭിച്ചത്.
ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണിതെന്ന് മുൻസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വായേൽ അൽ മുബാറക് പറഞ്ഞു. രാജപത്നിയും നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (NIAD) പ്രസിഡന്റുമായ ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫയുടെ നിരന്തരമായ പിന്തുണ ഈ നേട്ടത്തിൽ നിർണ്ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമവാസികളും കർഷകരും കാർഷിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആധുനികമായ സുസ്ഥിര മാർഗ്ഗങ്ങൾ സ്വീകരിച്ചതും ഈ അംഗീകാരത്തിലേക്ക് നയിച്ചു. എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ഷെയ്ഖ മറാം ബിന്ത് ഈസ അൽ ഖലീഫ ഈ നേട്ടത്തെ പ്രശംസിച്ചു. ബഹ്റൈന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഗ്രാമീണ മേഖലയുടെ പുരോഗതിക്കും ഈ അംഗീകാരം കരുത്തുപകരുമെന്ന് അവർ വ്യക്തമാക്കി. കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകരെ ശാക്തീകരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് തുടരുമെന്ന് മന്ത്രാലയവും എൻ.ഐ.എ.ഡിയും അറിയിച്ചു.
sdfsf


