അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം; സൗദി എയർലൈൻസ് കരിപ്പൂരിലെത്തി, ആവേശകരമായ വരവേൽപ്പ്
ഷീബ വിജയൻ
കോഴിക്കോട്: നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം വീണ്ടും കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി. രാവിലെ 8.35-ന് എത്തേണ്ടിയിരുന്ന എസ്.വി 712 വിമാനം നിശ്ചയിച്ചതിലും അരമണിക്കൂർ നേരത്തെ, 8.15-ഓടെയാണ് ലാൻഡ് ചെയ്തത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനത്തെ ശിങ്കാരിമേളം, കോൽക്കളി, അറബനമുട്ട് എന്നിവയുടെ അകമ്പടിയോടെ നാട്ടുകാരും പ്രവാസി സംഘടനകളും ചേർന്ന് ആവേശത്തോടെ സ്വീകരിച്ചു.
നിലവിൽ 165 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാണ് സർവീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ നാല് സർവീസുകളാണ് ഉണ്ടാവുക. വരും ദിവസങ്ങളിൽ ജിദ്ദ, ദമാം സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ മലബാറിലെ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകും. 2020-ലെ കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് സൗദി എയർലൈൻസിന്റെ സേവനം മുടങ്ങാൻ കാരണമായത്. ഭാവിയിൽ വലിയ വിമാനങ്ങൾ (വൈഡ് ബോഡി) എത്തിക്കാൻ സമ്മർദം ചെലുത്തുമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ അറിയിച്ചു.


