ഇറാനെതിരായ നീക്കങ്ങൾക്ക് സൗദി മണ്ണും വിണ്ണും വിട്ടുനൽകില്ല; നിലപാട് വ്യക്തമാക്കി മുഹമ്മദ് ബിൻ സൽമാൻ
ശാരിക l ഗൾഫ് l സൗദി
റിയാദ്: ഇറാനെതിരായ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ സുപ്രധാനമായ ഈ വിദേശനയം വ്യക്തമാക്കിയത്. ഇറാന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സൗദി അറേബ്യ പൂർണ്ണമായും ബഹുമാനിക്കുന്നുവെന്നും മറ്റൊരു വിദേശ ശക്തിക്കും ഇറാനെ ആക്രമിക്കാൻ സൗദിയുടെ ആകാശമോ മണ്ണോ വിട്ടുനൽകില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു.
മേഖലയിൽ സമാധാനം ഉറപ്പാക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ നയതന്ത്ര നീക്കങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകും. നിലവിലെ സാഹചര്യങ്ങളും ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പുരോഗതിയും ഇറാൻ പ്രസിഡന്റ് കിരീടാവകാശിയുമായി പങ്കുവെച്ചു.
ഇറാന്റെ പരമാധികാരം മാനിക്കുന്ന സൗദിയുടെ ഉറച്ച നിലപാടിന് അദ്ദേഹം നന്ദി അറിയിക്കുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. മധ്യേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും ഈ ചർച്ച വഴിതെളിക്കുമെന്നാണ് വിലയിരുത്തൽ.
fgdg


