ബഹ്‌റൈനിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറയ്ക്കാനുള്ള നിർദ്ദേശം ശൂറ കൗൺസിൽ തള്ളി
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ
പ്രായമായ സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറയ്ക്കാനും വാർഷിക അവധി വർദ്ധിപ്പിക്കാനുമുള്ള ഭേദഗതി നിർദ്ദേശങ്ങൾ ബഹ്‌റൈൻ ശൂറ കൗൺസിൽ ഐകകണ്ഠേന തള്ളി. 50 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക് ഇളവുകൾ നൽകാൻ ലക്ഷ്യമിട്ട് സിവിൽ സർവീസ് നിയമത്തിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളാണ് കൗൺസിൽ നിരസിച്ചത്. ഭരണഘടനാ തത്വങ്ങളുടെ ലംഘനം, പൊതുമേഖലാ ജീവനക്കാർക്കിടയിലെ തുല്യതയില്ലായ്മ, സാമ്പത്തികവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ എന്നിവ മുൻനിർത്തി ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്‌സ് കമ്മിറ്റി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കരട് നിയമം തുടർ പരിശോധനകൾക്കായി പാർലമെന്റിലേക്ക് തിരിച്ചയക്കും.
2010-ലെ സിവിൽ സർവീസ് നിയമത്തിലെ 19, 20 വകുപ്പുകൾ പരിഷ്കരിക്കാനാണ് എംപിമാർ തയ്യാറാക്കിയ ഭേദഗതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. 50 വയസ്സ് തികയുന്നവർക്ക് പ്രതിദിനം ഒരു മണിക്കൂർ ജോലി സമയം കുറയ്ക്കണമെന്നും, 55 വയസ്സിൽ ഇത് രണ്ട് മണിക്കൂറായും 60 വയസ്സിൽ മൂന്ന് മണിക്കൂറായും കുറയ്ക്കണമെന്നുമായിരുന്നു നിർദ്ദേശം. ഇതിനുപുറമെ, വാർഷിക അവധി നിലവിലെ 30 ദിവസത്തിൽ നിന്ന് പ്രായത്തിനനുസരിച്ച് 35 മുതൽ 45 ദിവസം വരെയായി വർദ്ധിപ്പിക്കാനും ഭേദഗതി നിർദ്ദേശിച്ചിരുന്നു.
എന്നിരുന്നാലും, ഈ നീക്കത്തിനെതിരെ ശക്തമായ വാദങ്ങളാണ് ശൂറ കൗൺസിൽ ഉയർത്തിയത്. ഒരേ ജോലി ചെയ്യുന്നവർക്കിടയിൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആനുകൂല്യങ്ങളിൽ വ്യത്യാസം വരുത്തുന്നത് നിയമത്തിന് മുന്നിലെ തുല്യത എന്ന ഭരണഘടനാ തത്വത്തിന് വിരുദ്ധമാണെന്ന് കമ്മിറ്റി ചെയർപേഴ്‌സൺ ദലാൽ അൽ സായിദ് വ്യക്തമാക്കി. ദേശീയ നിയമപ്രകാരം 60 വയസ്സായവരെയാണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത് എന്നതിനാൽ 50 വയസ്സിൽ ഇളവുകൾ നൽകുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ മേഖലയിൽ ഇത്തരം മാറ്റങ്ങൾ വരുന്നത് സ്വകാര്യ മേഖലയിലും സമാനമായ ആവശ്യങ്ങൾ ഉയരാൻ കാരണമാകുമെന്ന ആശങ്കയും കൗൺസിൽ പങ്കുവെച്ചു.
സാമ്പത്തിക വശങ്ങളെ സംബന്ധിച്ചിടത്തോളം, ജോലി സമയം കുറയ്ക്കുന്നത് പൊതുസേവനങ്ങളെ ബാധിക്കുമെന്നും അത് പരിഹരിക്കാൻ കൂടുതൽ നിയമനങ്ങളോ ഓവർടൈം പേയ്‌മെന്റോ വേണ്ടി വരുമെന്നും കൗൺസിൽ വിലയിരുത്തി. ഇത് രാജ്യത്തിന്റെ ബജറ്റിലും ഫിസ്ക്കൽ ബാലൻസ് പ്രോഗ്രാമിലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഭരണപരമായ തലപ്പത്തിരിക്കുന്ന ഭൂരിഭാഗം പേരും ഈ പ്രായപരിധിയിൽ ഉള്ളവരായതിനാൽ, അവരുടെ ജോലി സമയം കുറയുന്നത് തീരുമാനങ്ങൾ വൈകാനും പൊതുസേവനങ്ങൾ ദുർബലപ്പെടാനും കാരണമാകുമെന്ന് കമ്മിറ്റി നിരീക്ഷിച്ചു.
ആനുകൂല്യങ്ങൾ തീരുമാനിക്കേണ്ടത് ഉദ്യോഗസ്ഥരുടെ പ്രകടനവും ഗ്രേഡും അടിസ്ഥാനമാക്കിയായിരിക്കണമെന്നും പ്രായമനുസരിച്ചല്ലെന്നും കമ്മിറ്റി റിപ്പോർട്ടർ ഡോ. അഹമ്മദ് അൽ അറായേദ് അഭിപ്രായപ്പെട്ടു. അയൽരാജ്യങ്ങളിലൊന്നും ഇത്തരമൊരു രീതി നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ സർവീസ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഏകദേശം 6,575 ജീവനക്കാരെ ബാധിക്കുമായിരുന്ന ഈ നിയമം നടപ്പിലാക്കിയിരുന്നെങ്കിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നു.
fsdf


