32 പന്തിൽനിന്ന് സെഞ്ച്വറി; വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ റെക്കോഡ് തിരുത്തിക്കുറിച്ച് സകീബുൽ ഗനി
ശാരിക / റാഞ്ചി
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ ആദ്യദിനം അരുണാചൽ പ്രദേശിനെതിരേ റൺമല തീർത്ത് ബിഹാർ ചരിത്രം കുറിച്ചു. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്ത ബിഹാർ, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന ലോകറെക്കോഡ് സ്വന്തമാക്കി. 2022-ൽ ഇതേ ടീമിനെതിരെ തമിഴ്നാട് കുറിച്ച 506 റൺസ് എന്ന റെക്കോഡാണ് റാഞ്ചിയിൽ പഴങ്കഥയായത്. മറുപടി ബാറ്റിങ്ങിൽ അരുണാചൽ പ്രദേശ് 177 റൺസിന് പുറത്തായതോടെ 397 റൺസിന്റെ പടുകൂറ്റൻ ജയവും ബിഹാർ ആഘോഷിച്ചു.
റെക്കോഡുകൾ പൂത്തുലഞ്ഞ മത്സരത്തിൽ വെറും 32 പന്തിൽനിന്ന് സെഞ്ച്വറി തികച്ച ബിഹാർ ക്യാപ്റ്റൻ സകീബുൽ ഗനിയുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയമായത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 2024-ൽ അൻമോൾപ്രീത് സിങ് സ്ഥാപിച്ച 35 പന്തിലെ സെഞ്ച്വറി റെക്കോഡാണ് ഗനി തിരുത്തിയത്. 40 പന്തിൽ 12 സിക്സറുകളും 10 ഫോറുകളുമടക്കം 128 റൺസുമായി ഗനി പുറത്താകാതെ നിന്നു.
യുവ താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടും മത്സരത്തിന്റെ മാറ്റു കൂട്ടി. 84 പന്തിൽ നിന്ന് 15 സിക്‌സറുകളും 16 ബൗണ്ടറികളുമടക്കം 190 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. വൈഭവിനും ഗനിക്കും പുറമെ 56 പന്തിൽ 116 റൺസ് നേടിയ ആയുഷ് ലൊഹാരുകയും ബിഹാറിനായി സെഞ്ച്വറി തികച്ചു. പിയൂഷ് സിങ് (77) മികച്ച പിന്തുണ നൽകി. സാധാരണ നിലയിൽ പ്രതിരോധ ബാറ്റിങ്ങിന് പേരുകേട്ട ഗനി, അവിശ്വസനീയമായ പ്രകടനത്തിലൂടെ ബിഹാറിനെ റെക്കോഡ് ബുക്കിന്റെ നെറുകയിലെത്തിക്കുകയായിരുന്നു.
sdfsf
