ഇന്ധന സബ്സിഡി കുറച്ചത് വഴി കുവൈത്തിന് 20 കോടി ദിനാർ ലാഭം
കുവൈത്ത് സിറ്റി : പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി കുറച്ചത് വഴി 20 മാസത്തിനിടെ ഖജനാവിന് 20 കോടി ദിനാർ അധിക വരുമാനം. വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി 2016 സപ്തംബറിലാണ് പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കുമുള്ള സബ്സിഡി കുവൈത്ത് സർക്കാർ ഭാഗികമായി വെട്ടിക്കുറച്ചത്.
സബ്സിഡി വെട്ടിക്കുറയ്ക്കുക വഴി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചത് പരാതികൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഉൽപ്പാദന ചെലവിനേക്കാൾ വളരെ തുച്ഛമായ വിലയ്ക്കാണ് വിൽപന എന്നാണ് സർക്കാരിന്റെ വാദം. സബ്സിഡി വെട്ടിക്കുറച്ചിട്ടും ഗൾഫ് നാടുകളിൽ ഏറ്റവും കുറഞ്ഞവിലയ്ക്ക് പെട്രോളും ഡീസലും മണ്ണെണ്ണയും വിൽക്കുന്നത് കുവൈത്തിലാണെന്നും ഒമാനും ഖത്തറിനും സൗദിക്കും ബഹ്‌റൈനും പിറകിലാണ് കുവൈത്തിലെ നിരക്ക് എന്നും സർക്കാർ വിശദീകരിക്കുന്നു.
ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇയിലാണ് പെട്രോളിന് കൂടിയ വില ഈടാക്കുന്നത്. അതിനിടെ ദ്വീപ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നിയമിക്കുന്ന 250 സ്വദേശികൾക്ക് ശന്പളം നൽകുന്നതിന് പ്രതിവർഷം 1500 കോടിഡോളർ മാറ്റിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയിലെ 75% ജോലികളും സ്വദേശികൾക്കായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

