ചെറിയ ചിത്രങ്ങളുടെ വലിയ ഉത്സവം : നവ്യാനുഭവമായി കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവൽ
കുവൈറ്റ് സിറ്റി : 3 മിനിട്ട് ദൈർഘ്യമുള്ള ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ് കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവൽ. 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണു കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ ഇന്ത്യക്കാർക്കായ് മൈക്രൊ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. പുർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച അമ്പതോളം ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മൽസരിച്ചത്.
പരിപാടി പ്രശസ്ത സിനിമാ നിരൂപകനും, ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ശ്രീ.വി.കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും, ഫിലിം സൊസൈറ്റി കൺവീനർ ടി.വി.ജയൻ നന്ദിയും രേഖപ്പെടുത്തി. കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി രഹീൽ കെ.മോഹൻദാസ് ഫിലീം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് മൈക്രോ ഫിലിമുകളുടെ പ്രദർശനം നടന്നു.
രതീഷ് ഗോപി സംവിധാനം ചെയ്ത "ഷേഡ്സ്" എന്ന മൈക്രൊ ഫിലിം നാലു അവാർഡുകൾ കരസ്ഥമാക്കി. മികച്ച മൈക്രോ ഫിലിം, സംവിധായകൻ-രതീഷ് ഗോപി, ഛായാഗ്രഹണം-രതീഷ് ഗോപി എന്നീ അവാർഡുകളാണു "ഷേഡ്സ്" നേടിയത്. ഷേഡ്സ്, മിയ കുൾപ്പ എന്നീ സിനിമകളിലെ അഭിനയത്തിനു ഗോവിന്ദ് ശാന്ത മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നിമിഷ രാജേഷ് സംവിധാനം ചെയ്ത "റിസ്സൊ" യാണു മികച്ച രണ്ടാമത്തെ ചിത്രം. "ആംനെസ്റ്റി" എന്ന ചിത്രത്തിലെ അഭിനയത്തിനു ഉഷ രാമൻ മികച്ച നടിയായ് തിരഞ്ഞെടുക്കപ്പെട്ടു. അഭിരാമി അജിത്കുമാറാണു മികച്ച ബാലതാരം (ചിത്രം:ദി ബ്ലാക്ക് ഡേ), കൃഷ്ണ രജീഷ് (മികച്ച തിരക്കഥ, ചിത്രം: തനിയെ), രതീഷ് സി.വി അമ്മാസ് (എഡിറ്റർ, ചിത്രം:റിസൊ) എന്നിവയാണു മറ്റ് അവാർഡുകൾ. രാജേഷ് കമ്പള സംവിധാനം ചെയ്ത ദി ബ്ലാക്ക് ഡേ,ഹരീഷ് കുറുപ്പ് സംവിധാനം ചെയ്ത മിസിംഗ് എന്നീ സിനിമകൾ പ്രത്യേക ജൂറി പുരസ്കാരത്തിനു അർഹരായ്. വിജയികൾക്ക് വി.കെ.ജോസഫ് അവാർഡുകൾ വിതരണം ചെയ്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് അംഗങ്ങളായ പവിത്രൻ , ലിന്റോ തമ്പി എന്നിവർക്കുള്ള കല കുവൈറ്റിന്റെ ഉപഹാരവും ചടങ്ങിൽ വെച്ച് കൈമാറി. കല കുവൈറ്റ് ജോ:സെക്രട്ടറി മുസ്‌ഫർ, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരൻ, ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എൻ.അജിത് കുമാർ, സാൽമിയ മേഖലാ സെക്രട്ടറി കിരൺ.പി.ആർ, ഫിലിം സൊസൈറ്റി ഭാരവാഹികൾ, കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സിനിമാ പ്രവർത്തകരും, സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരും ഉൾപ്പടെ നൂറുകണക്കിന് പേർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് എത്തിച്ചേർന്നിരുന്നു.

