ഉൽപ്പാദന തോത് വെട്ടിക്കുറച്ചത് എണ്ണവില സന്തുലിതമാകാൻ സഹായിച്ചു: കുവൈത്ത് എണ്ണമന്ത്രി
കുവൈത്ത് സിറ്റി : എണ്ണ ഉൽപ്പാദന തോത് വെട്ടിക്കുറച്ച നടപടി എണ്ണവില സന്തുലിതമാകാൻ സഹായിച്ചുവെന്ന് കുവൈത്ത് എണ്ണമന്ത്രി ബകീത് അൽ റാഷിദ്. ഉൽപ്പാദനം വെട്ടിക്കുറച്ചതുവഴി ആഗോള ക്രൂഡ് റിസർവ് 340 ദശലക്ഷം ബാരലിൽ നിന്ന് 50 ദശലക്ഷം ബാരൽ ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017 ജനുവരിയിലാണ് ഉൽപാദന തോത് കുറയ്ക്കാൻ ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ തീരുമാനിച്ചത്. അത് സംബന്ധിച്ച് ജൂണിൽ ചേരുന്ന ഒപെക് മീറ്റ് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എണ്ണയുൽപ്പാദന മേഖലയിൽ നിക്ഷേപത്തിന്റെ തോത് കുറഞ്ഞത് കനത്ത വെല്ലുവിളിയാണെന്ന് അഞ്ചാമത് കുവൈത്ത് എണ്ണ−വാതക സമ്മേളനവും പ്രദർശനവും ഉദ്ഘാടനം ചെയ്‌ത ഒമാൻ എണ്ണകാര്യമന്ത്രി മുഹമ്മദ് അൽ റൂമി അഭിപ്രായപ്പെട്ടു. എന്നാൽ ഉൽപാദനത്തോത് വെട്ടിക്കുറച്ചത് നിക്ഷേപം തിരിച്ചുകൊണ്ടുവരുന്നതിന് പ്രേരകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എണ്ണവിലയിൽ ഉണ്ടായ വർദ്ധനയും അതിന് കാരണമാണ്. കുവൈത്ത്, സൗദി അറേബ്യ തുടങ്ങി ഒപെക് രാജ്യങ്ങളും റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും ഉൽപാദനതോത് വെട്ടിക്കുറയ്ക്കുന്നതിൽ കാണിച്ച സഹകരണം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. എണ്ണവില തിരിച്ചുപിടിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഉൽപാദനത്തോത് വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞതാണ്.
വിലയുടെ കാര്യത്തിൽ സ്ഥിരത എന്ന അവസ്ഥ ഇതുവരെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്നലത്തേതിനേക്കൾ മെച്ചം ഇന്ന് എന്ന നില ആയിട്ടുണ്ട്. അസ്ഥിരത എന്നത് എണ്ണമേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണെങ്കിലും വരുംനാളുകളിൽ സ്ഥിതി മെച്ചപ്പെടുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാൽപതുവർഷത്തിനിടെ ഭീമമായ ഇടിവാണ് എണ്ണവിലയിലുണ്ടായത്. 2017ൽ അത് ഏറ്റവും താഴ്ന്ന നിലയിലുമായി. ഉൽപ്പാദന നിയന്ത്രണത്തിനും പരസ്പര സഹകരണത്തിനും സംവാദങ്ങൾ തുടരണമെന്നും അൽ റൂമി അഭ്യർത്ഥിച്ചു.



