സ്വദേശിവൽക്കരണം ശക്തമാക്കി ബഹ്‌റൈൻ: വിദേശി തൊഴിലാളികളുടെ ഫീസിൽ വർധനവ് വരുത്തിയതായി തൊഴിൽമന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സ്വകാര്യ മേഖലയിൽ സ്വദേശി പങ്കാളിത്തം ഉറപ്പാക്കുന്നതിനും സ്വദേശി-വിദേശി തൊഴിലാളികൾ തമ്മിലുള്ള വേതന വിടവ് കുറയ്ക്കുന്നതിനുമായി വിദേശി തൊഴിലാളികളുടെ ഫീസിൽ ബഹ്‌റൈൻ വർധനവ് വരുത്തി. 2026 മുതൽ പ്രാബല്യത്തിൽ വന്ന ഈ പരിഷ്കാരം തൊഴിൽ വിപണിയിലെ പുതിയ നയങ്ങളുടെ ഭാഗമാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. എംപി ഹമദ് അൽ ദോയിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിൽ വിപണിയിലെ പുതിയ മാറ്റങ്ങൾക്കൊപ്പം സ്വദേശിവൽക്കരണ നിയമങ്ങൾ കടുപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ശമ്പള സബ്‌സിഡി, വിദഗ്ധ പരിശീലന പരിപാടികൾ, മതിയായ പെർമിറ്റില്ലാതെ ജോലി ചെയ്യുന്നവർക്കെതിരെയുള്ള കർശന നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത കമ്പനികൾ ഓരോ വിദേശി തൊഴിലാളിയുടെ പെർമിറ്റിനും പ്രതിമാസം പിഴയടയ്ക്കേണ്ടി വരും. അതേസമയം, കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് സർക്കാർ ടെൻഡറുകളിൽ മുൻഗണന ലഭിക്കും.
2025-ൽ തൊഴിലിനായി ആകെ രജിസ്റ്റർ ചെയ്ത സ്വദേശി ഉദ്യോഗാർത്ഥികളുടെ എണ്ണം 15,433 ആണ്. ഇതിൽ ഭൂരിഭാഗവും (5,612 പേർ) 25 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. ഉദ്യോഗാർത്ഥികളിൽ 10,607 പേരും ബിരുദധാരികളാണെന്നത് ശ്രദ്ധേയമാണ്. നിലവിൽ സ്വകാര്യ മേഖലയിൽ 1.05 ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം 9,149 പേർ പുതുതായി ജോലിയിൽ പ്രവേശിച്ചപ്പോൾ, ഇടവേളയ്ക്ക് ശേഷം 7,166 പേർ വീണ്ടും തൊഴിൽ രംഗത്തേക്ക് മടങ്ങിയെത്തി.
സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആകർഷകമായ ആനുകൂല്യങ്ങളും മന്ത്രാലയം നൽകുന്നുണ്ട്. ആദ്യ വർഷം ശമ്പളത്തിന്റെ 70% വരെ സബ്‌സിഡിയായി സർക്കാർ നൽകും. ബിരുദധാരികൾക്ക് 800 ദിനാർ, ഡിപ്ലോമക്കാർക്ക് 600 ദിനാർ, സെക്കൻഡറി വിദ്യാഭ്യാസമുള്ളവർക്ക് 450 ദിനാർ എന്നിങ്ങനെ ശമ്പള പരിധിയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ 'സിജിലി' (Sijili) പ്രോഗ്രാം വഴി സംരംഭകർക്ക് പ്രത്യേക പിന്തുണയും നൽകുന്നുണ്ട്.
തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്നതിനെതിരെ പരിശോധനകൾ ശക്തമാക്കുമെന്നും വേതന സബ്‌സിഡി അടക്കമുള്ളവ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
axasasas



