ഭിന്നശേഷി സംവരണ ഭേദഗതി മാറ്റിവെച്ചു; സ്വദേശി ബിരുദധാരികളുടെ കുറഞ്ഞ ശമ്പളം 500 ദിനാറാക്കി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സ്വകാര്യ മേഖലയിൽ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ സംവരണം വർദ്ധിപ്പിക്കാനുള്ള നിർദ്ദിഷ്ട ഭേദഗതി ശൂറ കൗൺസിൽ പുനഃപരിശോധനയ്ക്കായി സമിതിക്ക് വിട്ടു. 50-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ ഭിന്നശേഷി സംവരണം നിലവിലെ രണ്ട് ശതമാനത്തിൽ നിന്ന് നാല് ശതമാനമായി ഉയർത്തുന്നതായിരുന്നു ബിൽ. എന്നാൽ, നിലവിലുള്ള നിയമം തന്നെ മതിയായതാണെന്നും അത് കൃത്യമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നുമുള്ള വാദത്തെത്തുടർന്നാണ് തീരുമാനം മാറ്റിവെച്ചത്.
സർക്കാർ ജോലികളിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകുന്നത് സംബന്ധിച്ചും ഭേദഗതിയിൽ നിർദ്ദേശമുണ്ടായിരുന്നു. നിലവിൽ ബഹ്‌റൈനിൽ 15,644 ഭിന്നശേഷിക്കാരുണ്ടെന്നും നിലവിലെ രണ്ട് ശതമാനം ക്വാട്ട പോലും പല സ്വകാര്യ സ്ഥാപനങ്ങളും പൂർത്തിയാക്കിയിട്ടില്ലെന്നും ചർച്ചയിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കൂടുതൽ പഠനത്തിന് ശേഷം മാത്രമേ ബില്ലിൽ അന്തിമ തീരുമാനമുണ്ടാകൂ.
സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്ന ബഹ്‌റൈൻ സ്വദേശികളുടെ കുറഞ്ഞ ശമ്പളത്തിൽ വർദ്ധനവ് വരുത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. എംപി ജലീല അലവിക്ക് നൽകിയ മറുപടി പ്രകാരം, ബിരുദധാരികളുടെ കുറഞ്ഞ ശമ്പളം 500 ബഹ്‌റൈനി ദിനാറാക്കി. ഡിപ്ലോമയുള്ളവർക്ക് 430 ദിനാറും സെക്കൻഡറി വിദ്യാഭ്യാസമോ അതിൽ താഴെയോ ഉള്ളവർക്ക് 350 ദിനാറും ലഭിക്കും. 2025-ലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ ബഹ്‌റൈൻ സ്വദേശികളുടെ ശരാശരി മാസശമ്പളം 892 ദിനാറായി ഉയർന്നിട്ടുണ്ട്. തംകീൻ (Tamkeen) വഴിയുള്ള തൊഴിൽ വികസന പദ്ധതികൾ ഇതിന് വലിയ പിന്തുണയാണ് നൽകുന്നത്.
aswassaddasw



