വിദേശി എൻജിനീയർമാരുടെ ഇഖാമ പുതുക്കാൻ നടപടികൾ സ്വീകരിക്കും : പ്രകാശ് ജാവദേക്കർ
കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശ എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു കേന്ദ്ര മാനവ വികസന ക്ഷേമമന്ത്രി പ്രകാശ് ജാവദേക്കർ കുവൈത്തിൽ നിന്നുള്ള വിവിധ എൻജിനീയറിങ് സംഘടനാ പ്രതിനിധികൾക്ക് ഉറപ്പു നൽകി. എം.ആർ. ഷംനാദ് (പ്രോഗ്രസിവ് പ്രഫഷനൽ ഫോറം), പി. സേതുമാധവൻ (തമിഴ്നാട് എൻജിനീയേഴ്സ് ഫോറം), ജി. ശ്രീകുമാർ (കുവൈത്ത് എൻജിനീയേഴ്സ് ഫോറം) എന്നിവരാണ് എം.പിമാരായ എം.ബി. രാജേഷ്, പി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ മന്ത്രിയെ സന്ദർശിച്ചത്.
കുവൈത്തിലുള്ള വിദേശി എൻജിനീയർമാർക്ക് ഇഖാമ പുതുക്കുന്നതിനും സ്പോൺസറെ മാറുന്നതിനും ഏർപ്പെടുത്തിയ നിബന്ധന ആയിരക്കണക്കിന് എൻജിനീയർമാരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് എൻജിനീയറിങ് സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രതിനിധികൾ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇഖാമ പുതുക്കുന്നതിനു കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള എൻജിനീയർമാർ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷനിൽ (എൻ.ബി.എ) അംഗീകാരമുള്ള കോളജുകളിൽനിന്ന് ബിരുദം നേടിയവരാണെങ്കിൽ മാത്രമെ സൊസൈറ്റി സമ്മതപത്രം നൽകുകയുള്ളൂ. 2010ൽ നിലവിൽ വന്നതും 2014ൽ കേന്ദ്രസർക്കാർ ഭാഗികമായി നിർബന്ധമാക്കിയതുമായ എൻ.ബി.എ അക്രഡിറ്റേഷനിൽ ഇന്ത്യയിലെ നിരവധി കോളജുകൾ ഉൾപ്പെടുന്നില്ല. കുവൈത്തിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ അനവധി എൻജിനീയർമാരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
ഇന്ത്യയിൽ അംഗീകൃത എൻജിനീയറിങ് സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി കുവൈത്ത് സർക്കാറിനു നൽകുമെന്നു മന്ത്രി ജാവദേക്കർ പ്രതിനിധി സംഘത്തെ അറിയിച്ചു. പട്ടിക തയാറാക്കുന്നതിന് എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ പി. സഹസ്രബുദ്ധെക്ക് മന്ത്രി നിർദ്ദേശവും നൽകി. വിദേശകാര്യ സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബർ, പാർലമെന്റിലെ വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശശി തരൂർ എം.പി എന്നിവരുമായും സംഘം ചർച്ച നടത്തി.

