റാസൽഖൈമയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന
റാസൽഖൈമ : ആഘോഷങ്ങൾക്ക് പ്രിയപ്പെട്ട ഇടമായി വടക്കൻ എമിറേറ്റായ റാസൽ ഖൈമ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇവിടത്തെ വിശിഷ്ടമായ ഇൻഡോർ, ഔട്ട്ഡോർ വേദികൾ മികച്ച ആഘോഷങ്ങൾക്കായി ലഭ്യമാകുന്നു എന്നതാണ് കൂടുതൽ ആളുകൾ ഇവിടേക്ക് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണം.
വിശാലമായ മലനിരകൾക്കും കടലിനും ഇടയിലാണ് ഇവിടത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ മലകളാൽ ചുറ്റപ്പെട്ട മണലാരണ്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കല്യാണവേദി, ഒട്ടകപ്പുറത്ത് സഞ്ചരിച്ചു കൊണ്ടുള്ള സൂര്യാസ്തമയ കാഴ്ച തുടങ്ങിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ച്, മനോഹരദിവസം സമ്മാനിക്കുന്ന സ്ഥലമാണ് റാസൽഖൈമ.
ഈയിടെ ബോളിവുഡ് താരം അനിൽ കപൂറിന്റെ മരുമകന്റെ വിവാഹത്തിന് ആതിഥേയത്വം വഹിച്ചത് റാസൽഖൈമയാണ്. താരങ്ങൾ എമിറേറ്റിൽ നിന്ന് എടുത്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. റാസൽഖൈമ ദന്പതികൾക്ക് പ്രിയപ്പെട്ട സ്ഥലമാകുന്നുവെന്നതിന്റെ തെളിവ് കൂടിയാണിത്. പ്രകൃതി സ്നേഹികളുടെയും ഇഷ്ടസങ്കേതമാണ് റാസൽഖൈമ.
ദുബൈയിൽ നിന്ന് 45 മിനിറ്റ് ദൂരം മാത്രമേയുള്ളൂവെന്നതും സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. അടുത്തകാലത്തായി റാസൽഖൈമ നേടിയ സിപ് ലൈൻ ഗിന്നസ് റെക്കോഡ് നിരവധി സന്ദർശകരെ എമിറേറ്റിലെത്തിക്കുന്നുണ്ടെന്ന് റാസൽഖൈമ ടൂറിസം െഡവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ ഹൈഥം മത്താർ പറഞ്ഞു. എമിറേറ്റിലെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക മൂല്യങ്ങൾ, വിനോദസാധ്യതകൾ ഇവയെല്ലാം വിലമതിക്കാനാവാത്ത ഘടകങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

