കുവൈത്തിൽ ഗാർഹിക തൊഴിലാളി, റിക്രൂട്ടിംഗ് ഓഫീസുകൾക്ക് നിയന്ത്രണം
കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 112 ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അംഗീകാരമുള്ള 321 എണ്ണത്തിൽ 112 ഓഫീസുകളാണ് നിയമം പാലിക്കാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. സർക്കാർ അംഗീകാരമുള്ള ഏജൻസിയിലൂടെ ഗാർഹിക തൊഴിലാളിയെ ലഭിക്കുന്നതിന് 990 കുവൈത്ത് ദിനാർ ആണ് ഫീസ് നൽകേണ്ടത്. ഇതുസംബന്ധിച്ച സർക്കാർ അറിയിപ്പ് എല്ലാ റിക്രൂട്ടിംങ് ഏജൻസികൾക്കും നൽകിയതായും അധികൃതർ വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെ കർശന നടപടിയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ആറു മാസത്തേക്കു പരീക്ഷണാർത്ഥമാണ് ഇപ്പോഴത്തെ ഫീസ് നിർണയം.
അതേസമയം രാജ്യത്ത് നിലവിൽ കരാറിലേർപ്പെട്ടിട്ടുള്ള കന്പനികളിലെ സെക്യൂരിറ്റി −ശുചീകരണ ത്തൊഴിലാളികളെ കുറയ്ക്കുന്നതിന് കുവൈത്ത് മാൻപവർ അതോറിറ്റി നടപടികളാരംഭിച്ചു. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ വിലയിരുത്തുന്നതിന് വകുപ്പ് മേധാവികളുടെ യോഗം ചേർന്നതായും അതോറിറ്റി മേധാവി മുബാറക്ക് അൽ−ജാഫർ അറിയിച്ചു.

