ജലസുരക്ഷയാണ് ഏറ്റവും വലിയ വെല്ലുവിളി : യു.എ.ഇ - ഊർജ്ജ മന്ത്രി
ദുബൈ : ജലസുരക്ഷയാണ് രാജ്യം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയെന്ന് യു.എ.ഇ. ഊർജ്ജമന്ത്രി സുഹൈൽ അൽ മസ്‌റൂയി പറഞ്ഞു. ജല ഉപയോഗം കുറയ്ക്കുന്നതിനായി ഇതിനകംതന്നെ യു.എ.ഇ. നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഭാവിതലമുറയ്ക്കായി ഇതിന് മുൻഗണന നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ദുബൈയിൽനടന്ന ഗ്ലോബൽ ലീഡേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ അദ്ദേഹം പറഞ്ഞു.
ഭൂഗർഭജല സ്രോതസ്സുകളിൽ നിന്ന് കാർഷികാവശ്യങ്ങൾക്കും മറ്റും വെള്ളമെടുക്കുന്നത് നിർത്തണം. ശുദ്ധജലം ലഭിക്കുന്നതിനായി പുതിയ രീതികൾ കണ്ടെത്തണം. നിലവിൽ കടൽ വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രീതി സാന്പത്തികമായും പരിസ്ഥിതികമായും ഫലപ്രദമല്ല. അതുകൊണ്ടുതന്നെ ശുദ്ധസ്രോതസ്സുകളിൽനിന്നുള്ള ഊർജ ഉൽപ്പാദനം അടക്കമുള്ള പദ്ധതികൾക്ക് ഏറെ പ്രാധാന്യമുണ്ട്.
2050−ഓടെ ഊർജ്ജ ഉപഭോഗം നാൽപ്പത് ശതമാനം വരെ കുറയ്ക്കുന്നതും യു.എ.ഇ.യുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുസ്ഥിരവികസനത്തിന്റെ പാതയിൽ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് ഗ്ലോബൽ ലീഡേഴ്‌സ് ഫോറം പ്രധാനമായും ചർച്ച ചെയ്തത്.
ശുറൂഖ് സി.ഇ.ഒ. മർവാൻ ജാസ്സിം അൽ സർകൾ, സ്മാർട്ട് ദുബൈ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ യൂനസ് അൽ നാസ്സർ തുടങ്ങി നിരവധി പ്രമുഖർ ഗ്ലോബൽ ലീഡേഴ്‌സ്ഫോറത്തിൽ പങ്കെടുത്തു.

