സൗദിയിൽ ആദ്യ സിനിമാ തീയേറ്റർ ഏപ്രിൽ 18-ന് തുറക്കും
ജിദ്ദ : സിനിമയുടെയും വിനോദത്തിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഊർജിത ശ്രമം നടത്തുന്ന സൗദി അറേബ്യയിൽ സിനിമാ തീയേറ്ററുകൾ തുടങ്ങാനുള്ള ആദ്യ ലൈസൻസ് അമേരിക്കയിലെ വൻഡാ ഗ്രൂപ്പിന്റെ എ.എം.സി തീയേറ്റഴ്‌സ് (അമേരിക്കൻ മൾട്ടി സിനിമാ) സ്വന്തമാക്കി. സൗദി ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രാലയത്തിന്റെ ലൈസൻസ് അമേരിക്കൻ കന്പനിക്ക് കിട്ടി.
ഇതുപ്രകാരം, ആദ്യ സിനിമാ തീയേറ്റർ തലസ്ഥാനമായ റിയാദിൽ ഈ മാസം 18ന് എ.എം.സി യാഥാർതഥ്യമാക്കും. റിയാദിലെ അൽ അഖീഖ് ഏരിയയിലെ കിംങ് അബ്ദുല്ല ഫൈനാൻഷ്യൽഡിസ്ട്രിക്ടിലായിരിക്കും ഇൗ തീയറ്റർ. സ്ത്രീകൾക്കും തീയറ്ററുകളിൽ പുരുഷന്മാരോടൊപ്പം സിനിമാ കാണാം. പത്ത് ഡോളറിനു തുല്യമായ നിരക്കായിരിക്കും ടിക്കറ്റിന്.
അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ എ.എം.സി തീയേറ്റേഴ്‌സ് സൗദി അറേബ്യയിലെ 15 നഗരങ്ങളിലായി 40 സിനിമാ തിയറ്ററുകൾ സ്ഥാപിക്കും. 2030 ആകുന്നതോടെ ഇതു നൂറു തികയ്ക്കാനുമാണു പദ്ധതി. സൗദിയിൽ സിനിമയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കൻ സിനിമാ കന്പനിയുമായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി രാജ്യത്ത് സിനിമ യാഥാർത്ഥ്യമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചത്.
ജനസംഖ്യയിൽ എഴുപതു ശതമാനവും യുവാക്കൾ ഉള്ളതും ഗൾഫിലെ ഏറ്റവും വിസ്തൃതവുമായ സൗദി അറേബ്യയിൽ പുതുതായി തുറന്നു കിട്ടിയ സിനിമാ രംഗത്തെ നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്താൻ നിരവധി രാജ്യാന്തര കന്പനികളാണ് മത്സര രംഗത്തുള്ളത്. സ്വദേശികൾക്കു വലിയ തൊഴിൽ സാധ്യതയും ദേശീയ സന്പദ് ഘടനയ്ക്ക് പുത്തൻ ഉണർവുംസിനിമാ രംഗത്തു സൗദി അറേബ്യ പ്രതീക്ഷിക്കുന്ന ഗുണങ്ങളാണ്.
സന്പദ് ഘടനയുടെ വൈവിധ്യവൽക്കരണവും എണ്ണയിലുള്ള ആശ്രയം മാറ്റിയെഴുതാനും ഉദ്ദേശിച്ചു സൗദി അറേബ്യ ആവിഷ്കരിച്ച വിഷൻ 2030 വിഭാവന ചെയ്യുന്ന ഒരു പ്രധാന മേഖലയാണ് വിനോദ, സിനിമാ രംഗം.

