കുവൈത്തിൽ സർക്കാർ മേഖലയിൽ പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് 2028ൽ മാത്രം
കുവൈത്ത് സിറ്റി : സർക്കാർ മേഖലയിൽ സ്ഥിരം, താൽക്കാലിക തസ്തികകളിൽ പൂർണ സ്വദേശിവൽക്കരണം 2023നകം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിലും 2028ൽ മാത്രമെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയൂവെന്ന് റീപ്ലെയ്സ്മെന്റ് കമ്മിറ്റിയുടെയും എംപ്ലോയ്മെന്റ് ക്രൈസിസ് കമ്മിറ്റിയുടെയും വിലയിരുത്തൽ. അർഹരായ സ്വദേശികളുടെ അഭാവമാണ് സന്പൂർണ സ്വദേശികവൽക്കരണം വൈകാൻ കാരണമാകുന്നത്.
വിദേശ തൊഴിലാളികളെ പൂർണമായി ഒഴിവാക്കുന്നതിനുള്ള പ്രായോഗിക തടസ്സങ്ങൾ ഉണ്ടെന്നും യോഗം വിലയിരുത്തി. സിവിൽ സർവ്വീസ് ബ്യൂറോയുടെ കണക്കുപ്രകാരം തൊഴിൽരഹിതരായ കുവൈത്തികളുടെ എണ്ണം 11,932 ആണ്. അഞ്ചുവർഷത്തിനുള്ളിൽ ലഭിച്ച 83,563 അപേക്ഷകളിൽ 75,627 പേർക്കു ജോലി നൽകി. റീപ്ലെയ്സ്മെന്റ് കമ്മിറ്റിക്കു കുവൈത്ത് യൂണിവേഴ്സിറ്റി നൽകിയ മെമ്മോ പ്രകാരം തൊഴിൽ സാധ്യത കൂടുതലുള്ള കിന്റർഗാർട്ടൻ പോലുള്ള മേഖലകൾക്കു പ്രാധാന്യം നൽകാൻ ആലോചനയുണ്ട്.
സാന്പത്തികമായ അസന്തുലനം കണക്കിലെടുത്തു ചില മേഖലകളിൽ വിദ്യാർത്ഥികൾക്കുള്ള താൽപ്പര്യക്കുറവ് അത്തരം മേഖലകളിൽ ജോലി ചെയ്യുന്നതിനു സ്വദേശികളെ ലഭിക്കാതിരിക്കാൻ കാരണമാകുന്നതായും വിലയിരുത്തലുണ്ട്.
ഈ വർഷം ജനുവരിയിലെ കണക്കനുസരിച്ചു സ്വകാര്യമേഖലയിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1,67,4569 പേരെ നിയമിച്ചിട്ടുണ്ട്. പൊതുമേഖലയിൽ 78,317 വിദേശികളും ജോലി ചെയ്യുന്നു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 1,60,384 ആണ്. സ്വകാര്യമേഖലയിൽ 70685 സ്വദേശികളാണ് ജോലി ചെയ്യുന്നത്.
കൃഷി, മത്സ്യമേഖലയിൽ 1,96,979 വിദേശികളുണ്ട്. ഖനനമേഖലയിൽ 12,608, ഉൽപാദനമേഖലയിൽ 1,53,674, വൈദ്യുതി, ജലം, വാതകം മേഖലകളിൽ 6124, നിർമ്മാണ മേഖലയിൽ 2,01,773, മൊത്ത വ്യാപാരത്തിൽ 6,27,707, ട്രാൻസ്പോർട്ടേഷൻ, സ്റ്റോറേജ് മേഖലയിൽ 82,561, ധനകാര്യ, ബിസിനസ് സർവീസ് മേഖലകളിൽ 14,572 വിദേശികളും ജോലി ചെയ്യുന്നുണ്ട്, സ്വകാര്യമേഖലയിലെ സ്വദേശികളുടെ കണക്ക് ഇപ്രകാരമാണ്. ജലം-വൈദ്യുതി−-വാതക മേഖലയിൽ 93, കൃഷി−മത്സ്യ വിഭാഗത്തിൽ 3847, ഖനികളിൽ 1600, ഉൽപ്പാദന മേഖലയിൽ 4987, നിർമ്മാണ മേഖല 6435, മൊത്തവ്യാപാരം, റസ്റ്റോറന്റുകളിൽ 26,516, ട്രാൻസ്പോർട്ടേഷനിൽ 3712, ധനകാര്യം− ബിസിനസ് സർവ്വീസ്− സോഷ്യൽ ആൻഡ് പഴ്സനൽ സർവ്വീസിൽ 14,572.

