പൊതുമാപ്പ് : കല കുവൈറ്റ് സഹായ കേന്ദ്രങ്ങളിൽ വൻ തിരക്ക്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ആരംഭിച്ചിട്ടുള്ള സഹായ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് ഉണ്ടായിട്ടുള്ളത്. മലയാളികളെ കൂടാതെ നിരവധി ഇന്ത്യക്കാരാണ് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനുള്ള സഹായങ്ങൾ തേടി കലയുടെ മേഖല ഓഫീസുകളിൽ എത്തിച്ചേരുന്നത്. വിവിധ കാരണങ്ങളാൽ താമസരേഖ പുതുക്കാനാവാതെ നിരവധി ആളുകളാണ് കുവൈറ്റിൽ കഴിയുന്നത്.
കുവൈറ്റിൽ അനധികൃത താമസക്കാർക്ക് പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണ് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് തുടാരുന്നവർക്ക് പിഴയടച്ചാൽ താമസ അനുമതി രേഖ നിയമവിധേയമാക്കാമെന്നും, കുറ്റകൃത്യങ്ങളിലും, സാമ്പത്തിക കേസുകളിലും ഉൾപ്പെട്ട് യാത്രാവിലക്കുള്ളവർക്ക് പൊതുമാപ്പ് ബാധകമല്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നവർക്ക് കുവൈറ്റിൽ തിരിച്ചു വരുന്നതിനുള്ള അവസരം ഉണ്ടായിരിക്കുമെന്നും, ഫെബ്രുവരി 22 നുശേഷം നിയമപരമല്ലാതെ നാട്ടിൽ തുടർന്നവർക്ക് കടുത്ത പിഴയും ശിക്ഷയും, നാടു കടത്തിയാൽ പിന്നെ രാജ്യത്തേക്ക് തിരിച്ചു വരാൻ കഴിയില്ല എന്നും ആഭ്യന്തര വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. അനധികൃതമായി താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ വിദേശികൾ ഈ ആനുകൂല്ല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനായി കല കുവൈറ്റിന്റെ നാല് മേഖല ഓഫീസുകളും വൈകിട്ട് 6 മണി മുതൽ പ്രവർത്തനസജ്ജമാണ്.