കുവൈത്ത് തൊഴിൽ മന്ത്രിക്കെതിരെ പാർലിമെന്റിൽ കുറ്റവിചാരണ
കുവൈത്ത് സിറ്റി : തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹിനെ പാർലമെന്റിൽ കുറ്റവിചാരണ നടത്തി. സ്വദേശി വനിതകളുടെ സാമൂഹിക അലവൻസ് വെട്ടിക്കുറച്ചത്, വിദേശികൾക്കു കൂടുതൽ തൊഴിലവസരം നൽകുന്നതുവഴി ജനസംഖ്യാ അനുപാതത്തിൽ അനുഭവപ്പെടുന്ന അസന്തുലനം, ഭിന്നശേഷിക്കാർക്കായുള്ള അതോറിറ്റിയിൽ ഭരണതലത്തിലും സാന്പത്തിക ക്രമക്കേടുകൾ, മാൻപവർ അതോറിറ്റിയിലെ ക്രമക്കേടുകൾ, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കുള്ള പ്രതിസന്ധി എന്നിവയായിരുന്നു മറ്റു കാരണങ്ങൾ.
ഹുമൈദ് അൽ സുബൈഇ, ഖാലിദ് അൽ ഉതൈബി, മുബാറക് അൽ ഹജർ എന്നീ എം.പിമാർ നലകിയ നോട്ടീസിലായിരുന്നു നടപടി. പൊതുധനം സംരക്ഷിക്കുന്നതിനു ഭരണ ഘടനാപരമായ അധികാരങ്ങൾ മാത്രമാണു താൻ വിനിയോഗിക്കുന്നതെന്ന് കുറ്റവിചാരണ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി ഹിന്ദ് അൽ സബീഹ് പ്രതികരിച്ചു.
കുറ്റവിചാരണ നടത്തുന്നതിന് എം.പിമാർക്കുള്ള അവകാശത്തെ മാനിക്കുന്നു. ഭരണ ഘടനാപരമായി അംഗങ്ങൾക്കുള്ള അവകാശവുമാണ് അത്. ഏതെങ്കിലുംതരം രാഷ്ട്രീയം കുറ്റവിചാരണാ നോട്ടീസിനു പിന്നിലുള്ളതായി കരുതുന്നില്ല. എല്ലാവരും പ്രവർത്തിക്കുന്നതു രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനാണ്. സാമൂഹിക അലവൻസ് വെട്ടിച്ചുരുക്കുന്നതു മന്ത്രിതല നടപടിയല്ല. ഉന്നതാധികാര സമിതിയാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. 2014ൽ 60 ദശലക്ഷം ദിനാർ ആയിരുന്ന സാമൂഹിക അലവൻസ് 2017ൽ 274 ദശലക്ഷം ദിനാർ ആയി വർദ്ധിച്ചെന്നും മന്ത്രി പറഞ്ഞു.
നോട്ടീസിൽ ഉന്നയിക്കപ്പെട്ട മറ്റു കാര്യങ്ങൾക്കും മന്ത്രി വിശദീകരണം നൽകി. ഭിന്നശേഷിക്കാർക്കായുള്ള അതോറിറ്റിയിൽ ക്രമക്കേടുകൾ നടന്നതായും സാമൂഹിക − തൊഴിൽ മന്ത്രിക്ക് അതിന്റെ ഉത്തരവാദിത്തമുണ്ടെന്നും ഹുമൈദി അൽ സുബൈഇ എം.പി കുറ്റപ്പെടുത്തി. 3608 പരാതികൾ ലഭിച്ചതായി മന്ത്രിതന്നെ വെളിപ്പെടു ത്തിയതാണെങ്കിലും 38 കേസുകൾ മാത്രമാണു പ്രോസിക്യൂഷനു കൈമാറിയതെന്ന് കുറ്റവിചാരണാ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
പാർലിമെന്റിൽ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഗൗരവം ഉൾക്കൊള്ളാൻ മന്ത്രി തയ്യാറാകുന്നില്ലെന്നു ഖാലിദ് അൽ ഉതൈബി പറഞ്ഞു. ഏതു കാര്യം ആരാഞ്ഞാലും അതെല്ലാം ഭരണ ഘടനാവിരുദ്ധമെന്നു മുദ്രകുത്തുകയാണു മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാർക്കു വീൽ ചെയർ നൽകുന്ന കാര്യംപോലും യഥാവിധി നടക്കുന്നില്ല. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രി ശ്രദ്ധിക്കുന്നില്ലെന്നും മുബാറക് അൽ ഹജ്‌റഫ് എം.പി ആരോപിച്ചു.

