അടുത്ത സാന്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 450 കോടിയുടെ കമ്മി ബജറ്റെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി : 2018−-2019 സാന്പത്തിക വർഷത്തിൽ രാജ്യം പ്രതീക്ഷിക്കുന്നത് 450 കോടി ദിനാറിന്റെ കമ്മി ബജറ്റെന്ന് കുവൈത്ത്. രാജ്യം അഭിമുഖീകരിക്കുന്ന സാന്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുംവിധം കടുത്ത നടപടികൾ ഉൾക്കൊള്ളുന്നതാകും ബജറ്റ് നിർദ്ദേശങ്ങൾ എന്നാണ് സൂചന. മൊത്തം വരുമാനത്തിന്റെ 10% ഭാവിതലമുറയ്ക്കായുള്ള നിധിയിലേക്ക് മാറ്റിവയ്ക്കുന്നതു കൂടി കണക്കാക്കിയാൽ ബജറ്റ് കമ്മി 600 കോടി വരെ ആയേക്കാമെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
അതേസമയം വിഷൻ− 2035ന് കോട്ടംവരാത്തവിധം നിക്ഷേപ മേഖലയിൽ സർക്കാരിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യും. 15−20 % വർദ്ധനയോടെ വരുമാനം 1550 കോടി ദിനാറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. നടപ്പുസാന്പത്തിക വർഷം വരുമാനം 1330 കോടി ദിനാറാണ്.
എണ്ണയിതര വരുമാനത്തിൽ 5−10% വളർച്ച കണക്കാക്കിയാണ് വരുമാന വർദ്ധന പ്രതീക്ഷിക്കുന്നത്. വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് വർദ്ധിപ്പിച്ചതുവഴിയുള്ള അധിക വരുമാനം, വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധിപ്പിച്ചത് വഴിയുള്ള വരുമാനം തുടങ്ങിയവ ഈ വർഷം വരുമാന വർദ്ധനയ്ക്ക് സഹായിക്കുന്നുണ്ട്. ചെലവിനത്തിലും വർധന പ്രതീക്ഷിക്കുന്നുണ്ട്. ചെലവ് ഏകദേശം 2000 കോടി ദിനാർ വരെയാകുമെന്നാണ് നിഗമനം. ഊർജ സബ്സിഡി പുതിയ ബജറ്റിൽ 320 കോടി ദിനാറിനു മീതെയാകും. ശന്പളച്ചെലവ് 1100 കോടി ദിനാറിലെത്തും. വികസന മേഖലയിലെ നിക്ഷേപം 340 കോടി ദിനാറിൽ നിന്ന് 360 കോടി ദിനാർ ആകുമെന്നാണു കരുതുന്നത്.

