ഒലീവ് സാംസ്കാരിക വേദിയുടെ സമീക്ഷ 2026 സിമ്പോസിയം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് കെഎംസിസി ബഹ്‌റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'മതം, രാഷ്ട്രീയം, സാസ്‌കാരികം' എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിച്ച സമീക്ഷ 2026 സിമ്പോസിയം തികച്ചും വ്യത്യസ്ഥമാർന്നതും പഠനാർഹവുമായ ഒരു വേദിയായി മാറി. അഷറഫ് അഴിയൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സിംബോസിയം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ട്രഷറർ കെ പി മുസ്തഫ ഉത്ഘാടനം നിർവ്വഹിച്ചു. ഇത്തരം ചർച്ചകളിൽ ഉരുതിരിഞ്ഞു വരുന്ന നല്ല വശങ്ങൾ ജീവിതത്തിൽ പകർത്തുവാനും ആഴത്തിലൂന്നിയുള്ള ആശയവിനിമയങ്ങളിൽ രൂപം കൊള്ളുന്ന നല്ല നിലപാടുകൾക്കനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ഒലിവ് സാംസ്കാരിക വേദിയുടെ ഇത്തരം വ്യത്യസ്തമാർന്ന പരിപാടികൾ അഭിനന്ദനാർഹമാണെന്നും വിഷയത്തിലൂന്നിയുള്ള ഇത്തരം പഠന വേദികൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹൽ തൊടുപുഴ വിഷയം അവതരിപ്പിച്ച സദസ്സിൽ ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അവലോകനം നിർവ്വഹിച്ചു. കെഎംസിസി ബഹ്‌റൈൻ ആക്ടിങ് സെക്രട്ടറി സലീം തളങ്കര, ഒലീവ് കൺവീനർ പി വി സിദ്ധീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷഹീർ കാട്ടാമ്പള്ളി, അസ്ലം ഹുദവി, ഇർഷാദ് തെന്നട, അബ്ദുറസാഖ് നദവി, ലത്തീഫ് പൂമംഗലം, ഷഫീഖ് കുരമനെല്ലൂർ, ഷാഹിദ് യൂസഫ്, ഷംസീർ കരിയാട്ട്, നൗഫൽ പടിഞ്ഞാറങ്ങാടി, അൻവർ കുമ്പിടി, അഷറഫ് മഞ്ചേശ്വരം, റഷീദ് കീഴൽ, ഇബ്രാഹിം തിക്കോടി, സത്താർ ഉപ്പള, ബാവഹാജി പുത്തൂർ, മജീദ് പട്ല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുത്തലിബ് പൂമംഗലം സ്വാഗതവും സുബൈർ കച്ചേരിമുക്ക് നന്ദിയും പറഞ്ഞു.

