കെ എസ് സി എ മന്നം അവാർഡ്സ് – സമർപ്പൺ 2026 പ്രഖ്യാപിച്ചു; പമ്പാവാസൻ നായർക്ക് മന്നം അവാർഡ്, പുരസ്കാരദാനം സെപ്റ്റംബർ നാലിന്


പ്രദീപ് പുറവങ്കര

മനാമ:  ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ എസ് സി എ) ഈ വർഷത്തെ മന്നം അവാർഡ്സ് – സമർപ്പൺ 2026 പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിച്ചു. ഇന്ന്‌ ഉച്ചയ്ക്ക് കെ എസ് സി എ ആസ്ഥാനത്ത് അവാർഡുകൾ പ്രഖ്യാപിക്കാനായി നടത്തിയ പത്രസമ്മേളനത്തിൽ കെ എസ് സി എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോ: ബിന്ദു നായർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, മന്നം അവാർഡ് നിർണ്ണയ കമ്മിറ്റി അംഗങ്ങൾ, കൺവീനർ തുടങ്ങിയവർ പങ്കെടുത്തു.

സേവനം, ജീവകാരുണ്യം, മാനവികത, സംസ്കാരം, കായികം, സമൂഹനേതൃത്വം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനാണ് സമർപ്പൺ 2026 എന്ന് നാമകരണം ചെയ്തിട്ടുള്ള പുരസ്കാരങ്ങൾ നൽകുന്നത്. ഈ വർഷത്തെ മന്നം അവാർഡിന് പ്രമുഖ വ്യവസായ സംരംഭകനും ജീവകാരുണ്യപ്രവർത്തകനുമായ ശ്രീ പമ്പാവാസൻ നായരെ (മാനേജിങ് ഡയറക്ടർ അമാദ് ഗ്രൂപ്പ്) തെരഞ്ഞെടുത്തു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സേവനം എന്നിവയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പരമോന്നത ബഹുമതി എന്ന് അവാർഡ് നിർണയ കമ്മിറ്റി പ്രഖ്യാപിച്ചു. ശ്രീ. അജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജൂറി ആണ് മന്നം അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മറ്റ് സമർപ്പൺ 2026 പുരസ്കാരങ്ങളിൽ പ്രവാസി സമ്മാൻ പുരസ്കാർ ജേതാവും ഖത്തർ എഞ്ചിനീയറിംഗ് മാനേജിങ് ഡയറക്ടറുമായ ശ്രീ കെ. ജി. ബാബുരാജന് കർമയോഗി പുരസ്കാരവും, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സിഇഒ എച്ച്. എച്ച്. സാറ അഹമ്മദ് ബുഹിജിക്ക് മൈത്രി പുരസ്കാരവും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്ട്സ് സിഇഒ ശ്രീ അമ്പിളിക്കുട്ടൻ അരവിന്ദാക്ഷൻ നായർക്ക് സംഗീത സമർപ്പൺ പുരസ്കാരവും ലഭിച്ചു. കൂടാതെ മുൻ അണ്ടർ 16 ബഹ്റൈൻ നാഷണൽ ടീം ക്യാപ്റ്റൻ മുഹമ്മദ് ബാസിൽ അബ്ദുൽ ഹക്കിമിന് ഖേൽ സമർപ്പൺ പുരസ്കാരവും, ചാരിറ്റി പ്രവർത്തകൻ ശ്രീ സാബു ചിറയ്ക്കലിന് സേവാരത്ന പുരസ്കാരവും, കെ എസ് സി എ മെമ്പർ ശ്രീ അനിൽകുമാർ മുതുകുളത്തിന് വിശിഷ്ട മാന്യതാ പുരസ്കാരവും പ്രഖ്യാപിച്ചു.

ഈ മന്നം പുരസ്കാരദാനം സെപ്റ്റംബർ 4, 2026-ന് അധാരി അൽ ദുറ ഹാളിൽ നടക്കും. ബഹ്‌റൈനിലെ സാമൂഹിക മേഖലയിൽ ലീഡ‌‌ർഷിപ് പദവിയിലുള്ള പ്രമുഖ വ്യക്തികൾ ഈ ചടങ്ങിൽ പങ്കെടുക്കും. അതോടൊപ്പം ഈ വർഷത്തെ കെ.എസ്.സി.എ ഓണാഘോഷവും ഓണസദ്യയും 'പൂവിളി -2026' എന്ന പേരിൽ സെപ്റ്റംബർ 11, 2026-ന് അധാരി പാർക്കിൽ സംഘടിപ്പിക്കുമെന്നും പത്രസമ്മേളനത്തിൽ ശ്രീ രാജേഷ് നമ്പ്യാർ അറിയിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോ: ബിന്ദു നായർ, വൈസ് പ്രസിഡന്റ് അനിൽ കുമാർ, മന്നം അവാർഡ് കമ്മിറ്റി കൺവീനർ ആദർശ് മാധവൻകുട്ടി, മന്നം അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങളായ അജയ് നായർ, ബാലചന്ദ്രൻ കൊന്നക്കാട്, കെ എസ് സി എ വനിതാ വേദി കൺവീനർ രമ സന്തോഷ്‌, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുൺ സി ടി, മനോജ്‌ നമ്പ്യാർ, അനൂപ് പിള്ളൈ, സുജിത് കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

article-image

bdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed