കുവൈത്തിൽ വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന ഒക്ടോബർ ഒന്നു മുതൽ
കുവൈത്ത് സിറ്റി : രാജ്യത്ത് വിദേശികൾക്കുള്ള ചികിത്സാ ഫീസ് വർദ്ധന ഒക്ടോബർ ഒന്നു മുതൽ നിലവി ൽ വരുമെന്ന് ആരോഗ്യമന്ത്രി ഡോ.ജമാൽ അർ ഹർബി. സന്ദർശക വിസയിലുള്ളവർക്ക് നിലവിലുള്ളതിന്റെ നൂറിരട്ടിയായി ചികിത്സാ ഫീസ് വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കില്ല. വിദേശ തൊഴിലാളിക്ക് 50 ദിനാറും ഭാര്യയ്ക്ക് 40 ദിനാറും കുട്ടിയ്ക്ക് മുപ്പത് ദിനാറുമാണ് നിലവിലുള്ള ഇൻഷുറൻസ് തുക. അത് അതേപടി തുടരും.
മാനുഷിക പരിഗണന വെച്ച് ചിലവിഭാഗങ്ങൾക്ക് ചികിത്സാ ഇളവ് അനുവദിക്കും. അർബുദ ബാധിതരും പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുളളവരുമായ വിദേശി കുട്ടികൾ, സ്വദേശിയുടെ വിദേശിയായ ഭാര്യ, സ്വദേശിയുടെ വിദേശിയായ മാതാവ്, വിദേശിയെ വിവാഹം ചെയ്ത സ്വദേശി വനിതയുടെ കുട്ടികൾ, കെയർ ഹോം അന്തേവാസികൾ, ജി.സി.സി പൗരന്‍മാർ, ബദൂനികൾ എന്നിവർക്കാണ് ഇളവ് ലഭിക്കുക.
ചികിത്സാ ഫീസ് വിദേശികൾക്ക് വൻ ബാധ്യതയാകും. ഇഖാമയുള്ള വിദേശികൾ പരിശോധനയ്ക്കായി ക്ലിനിക്കുകളിൽ നൽകുന്ന ഒരു ദിനാറിന് പകരം ഒക്ടോബർ മുതൽ രണ്ടുദിനാർ നൽകണം. ആശുപത്രി കാഷ്വാലിറ്റിയിൽ പരിശോധനയ്ക്കു രണ്ടു ദിനാറിനു പകരം അഞ്ചു ദിനാർ നൽകണം. ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ നിലവിലുള്ള രണ്ടുദിനാർ 10 ദിനാറായാണ് വർദ്ധിക്കുക. മരുന്ന്, സാധാരണ എക്സ്‌റേ എന്നിവ ഈ ഫീസിൽ ഉൾപ്പെടും.
എന്നാൽ ശസ്‌ത്രക്രിയ, അതുമായി ബന്ധപ്പെട്ട അതുമായി ബന്ധപ്പെട്ട എക്സ്−റേ, ലബോറട്ടറി പരിശോധന എന്നിവയ്ക്ക് വേറെ ഫീസ് നൽകേണ്ടിവരും. ചികിത്സയ്ക്കായി ജനറൽ വാർഡിൽ അഡിമിറ്റ് ആകുന്നവർ ദിവസം പത്തു ദിനാർ വീതം നൽകണം.

