ഡൽഹിക്ക് പിന്നാലെ മുംബൈയിലും ഇന്ധന വിപ്ലവം; വൻ വിലക്കുറവിൽ E85 പെട്രോൾ എത്തി, കേരളത്തിലും ഉടൻ പ്രതീക്ഷിക്കാം
ഷീബ വിജയൻ
ന്യൂഡൽഹിയിലെ ഇന്ധന സ്റ്റേഷനുകളിൽ E85 പെട്രോൾ വിജയകരമായി ലഭ്യമാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സ്റ്റേഷനുകളിലും E85 പെട്രോൾ വിതരണം ആരംഭിച്ചു. ഡൽഹിയിൽ ലിറ്ററിന് 82.12 രൂപക്ക് ലഭിക്കുന്ന ഈ പരിസ്ഥിതി സൗഹൃദ ഇന്ധനം മുംബൈയിൽ 91.18 രൂപക്കാണ് ലഭ്യമാകുക. നിലവിൽ മുംബൈയിൽ ലഭ്യമായ സാധാരണ E20 പെട്രോളിന്റെ വില 111.21 രൂപയാണ്. അതായത്, സാധാരണ പെട്രോളിനെ അപേക്ഷിച്ച് ലിറ്ററിന് 20.03 രൂപയുടെ വൻ കുറവാണ് പുതിയ E85 ഇന്ധനത്തിന് ലഭിക്കുന്നത്. ഈ വർഷം ഡിസംബറോടെ രാജ്യത്തുടനീളം 500 എഥനോൾ (E85) വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിലും മുംബൈയിലും E85 പെട്രോൾ ലഭ്യമായി തുടങ്ങിയത്.
2027 ആകുമ്പോഴേക്കും ഇത്തരം ഇന്ധന സ്റ്റേഷനുകളുടെ എണ്ണം 5,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ഡൽഹി-എൻ.സി.ആർ, പുണെ, മുംബൈ, നാഗ്പൂർ എന്നീ നഗരങ്ങളിലും പിന്നീട് കൊച്ചി, ചെന്നൈ, ബംഗളൂരു നഗരങ്ങളിലും ഇത്തരം ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കും. എന്താണ് ഈ E85 പെട്രോൾ? 85 ശതമാനം എഥനോളും 15 ശതമാനം സാധാരണ പെട്രോളും ചേർന്ന ഒരു പ്രത്യേക മിശ്രിതമാണ് E85. നിലവിൽ ഇന്ത്യയിൽ ലഭ്യമായ E20 പെട്രോളിൽ 20 ശതമാനം മാത്രമാണ് എഥനോൾ അടങ്ങിയിട്ടുള്ളത്. എന്നാൽ ഓർക്കുക, E85 ഇന്ധനം സാധാരണ വാഹനങ്ങളിൽ നേരിട്ട് ഉപയോഗിക്കാൻ പാടുള്ളതല്ല. പ്രത്യേകം സജ്ജീകരിച്ച 'ഫ്ലെക്സ്-ഫ്യൂവൽ' (Flex-fuel) എൻജിനുകൾ ഉള്ള വാഹനങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.
നിലവിൽ ഹീറോ സ്പ്ലെൻഡർ+, എച്ച്.എഫ് ഡീലക്സ് എന്നീ മോട്ടോർസൈക്കിളുകളും പുതുതായി പുറത്തിറക്കിയ മാരുതി വാഗൺ ആർ ബയോഫ്ലെക്സ് (Wagon R Bioflex) കാറും മാത്രമാണ് ഇന്ത്യയിൽ E85 ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമായ വാഹനങ്ങൾ. സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഊർജ്ജ സാന്ദ്രത കുറവായതിനാൽ E85 ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് അല്പം കുറയാൻ സാധ്യതയുണ്ട്. ഇന്ധന ഇറക്കുമതി കുറക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. എന്നാൽ, മധ്യവർഗ കുടുംബങ്ങൾ സാധാരണ ഉപയോഗിക്കുന്ന 2023ന് മുമ്പുള്ള വാഹനങ്ങൾ E20 പെട്രോളിൽ പ്രവർത്തിക്കുമ്പോൾ പോലും മൈലേജിൽ മാറ്റം വരുന്നതോടൊപ്പം എൻജിനും വാൽവുകളും തകരാറാവുകയും ചെയ്യുന്നുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
asdsad

