വിലക്കയറ്റവും സിലിണ്ടർ ക്ഷാമവും: സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കടുത്ത പ്രതിസന്ധിയിൽ


ഷീബ വിജയൻ

സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വിലക്കയറ്റം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ താളം തെറ്റിക്കുന്നു. പാചകവാതക വില കുതിച്ചുയർന്നതും വിപണിയിലെ കടുത്ത സിലിണ്ടർ ക്ഷാമവും സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിലവിൽ വാണിജ്യ സിലിണ്ടറുകളുടെ വില 4,000 രൂപയിൽ എത്തിനിൽക്കെ, പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ പ്രഥമാധ്യാപകരും പാചകത്തൊഴിലാളികളും കടുത്ത നെട്ടോട്ടത്തിലാണ്. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2026-27 വർഷത്തെ ഔദ്യോഗിക മാർഗനിർദേശങ്ങളിൽ ഈ ഗുരുതര പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു പരാമർശവുമില്ല. പ്രതിസന്ധി പരിഹരിക്കാൻ യുഡിഎഫ് സർക്കാർ വ്യക്തമായ നയം പ്രഖ്യാപിക്കാത്തതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയ രീതിയിൽ പ്രതിഷേധം ശക്തമാവുകയാണ്.

ഏകദേശം 100 കുട്ടികളുള്ള ഒരു ചെറിയ സ്കൂളിന് പോലും ഒരു മാസം കുറഞ്ഞത് 19 കിലോഗ്രാമിന്റെ രണ്ട് വാണിജ്യ സിലിണ്ടറുകൾ ആവശ്യമായി വരുന്നുണ്ട്. ഇതിനായി മാത്രം നിലവിൽ 8000 രൂപയോളം ചെലവ് വരുന്നു. എന്നാൽ സർക്കാർ ഒരു എൽപി സ്കൂൾ വിദ്യാർത്ഥിക്ക് 6.19 രൂപയും യുപി വിദ്യാർത്ഥിക്ക് 9.29 രൂപയുമാണ് നിലവിൽ അനുവദിക്കുന്നത്. കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈ തുക വീണ്ടും കുറയുകയും ചെയ്യും. ഹോട്ടലുകൾ ഉയർന്ന വില നൽകി സ്വകാര്യ ഏജൻസികളിൽ നിന്ന് സിലിണ്ടർ വാങ്ങാറുണ്ടെങ്കിലും സ്കൂളുകൾക്ക് അത്തരം അധിക തുക കണക്കിൽ കാണിക്കാൻ നിയമപരമായ അനുവാദമില്ല. തന്മൂലം പ്രധാനാധ്യാപകർ സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് പദ്ധതി മുന്നോട്ട് കൊണ്ടുപോകേണ്ട ഗതികേടിലാണ്. പുതിയ സ്കൂൾ കെട്ടിടങ്ങളിൽ വിറകടുപ്പില്ലാത്ത ആധുനിക അടുക്കളകൾ നിർമ്മിച്ചതിനാൽ ഗ്യാസ് തീർന്നാൽ വിറക് കത്തിച്ചു ഭക്ഷണം പാചകം ചെയ്യാനും നിർവ്വാഹമില്ല. പഴയ വിറകടുപ്പുകൾ പൊളിച്ചുമാറ്റാൻ കർശന നിർദേശമുണ്ടായിരുന്നതിനാൽ പലയിടത്തും താൽക്കാലിക അടുപ്പുകൾ ഉണ്ടാക്കിയാണ് നിലവിൽ പാചകം ചെയ്യുന്നത്. കാലവർഷം കനക്കുന്നതോടെ ഇതും വലിയ പ്രതിസന്ധിയിലാകും.

ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് പാലും ഒരു ദിവസം മുട്ടയും നൽകണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ വിപണിയിൽ പാൽ വില വർധിച്ചതും പ്രതിദിന പ്രവർത്തനങ്ങളെ ബാധിച്ചു. ഭൂരിഭാഗം സ്കൂളുകളിലും പാലും മുട്ടയും ആഴ്ചയിൽ ഒരു ദിവസമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആവശ്യമായ സമയത്ത് പാചകവാതകം ലഭിക്കാത്തതിനാൽ പല സ്കൂളുകളിലും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിൽ വലിയ കാലതാമസം നേരിടുന്നുണ്ട്. ഇത് വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളെയും ക്ലാസുകളുടെ സമയക്രമത്തെയും സാരമായി ബാധിക്കുന്നു. കുട്ടികളുടെ ഭക്ഷണവും സുരക്ഷയും സംബന്ധിച്ച് രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. പ്രതിദിനം വെറും 450 രൂപ വേതനത്തിൽ ജോലി ചെയ്യുന്ന പാചകത്തൊഴിലാളികളും അധ്യാപകരും വലിയ ജോലിഭാരമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഭക്ഷണത്തിനുള്ള കുട്ടികളുടെ വിഹിതം അടിയന്തരമായി വർധിപ്പിക്കാൻ സർക്കാർ തയാറാകണമെന്നാണ് അധ്യാപക സംഘടനകളുടെ പ്രധാന ആവശ്യം.

article-image

adsadsadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed