ജാതി സമവാക്യങ്ങൾ ഒഴിവാക്കണം; കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്


ഷീബ വിജയൻ

തന്റെ 1978 മുതലുള്ള നീണ്ട പ്രവർത്തന പാരമ്പര്യം പരിഗണിച്ച് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. പാർട്ടിയിലെ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്നാണ് ഉണ്ണിത്താന്റെ പ്രധാന ആവശ്യം. അർഹതയും യോഗ്യതയും പ്രവർത്തന പരിചയവും മാത്രമായിരിക്കണം മാനദണ്ഡമാക്കേണ്ടത്. ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ജാതി-സമുദായ പരിഗണനകൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്നും, ഗ്രൂപ്പ് താത്പര്യങ്ങൾക്ക് അപ്പുറം പ്രവർത്തിക്കുന്ന നേതാക്കളെ മുന്നിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം, കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വലിയ രീതിയിലുള്ള തർക്കങ്ങളും ചർച്ചകളും പുകയുകയാണ്. 'ഒരാൾക്ക് ഒരു പദവി' എന്ന ശക്തമായ ആവശ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലും ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എംപിമാരും എംഎൽഎമാരും അവരുടെ മണ്ഡലങ്ങളിൽ ശ്രദ്ധിക്കണമെന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ബോർഡുകളിൽ വ്യക്തമാക്കുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചില എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കുന്നതിനിടയിലാണ് ഈ പ്രതിഷേധം. രാജ്മോഹൻ ഉണ്ണിത്താന് പുറമെ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ അടക്കമുള്ള പ്രമുഖ എംപിമാരും ഈ സ്ഥാനത്തിനായി ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.

article-image

erwdsfewds

You might also like

  • Lulu Exchange
  • Straight Forward

Most Viewed