സൂഖ് മുബാറക്കിയയിൽ സന്പൂർണ സ്വദേശി വൽക്കരണം : കരട് പ്രമേയം അവതരിപ്പിക്കും
കുവൈത്ത് സിറ്റി : കുവൈത്തിലെ പരന്പരാഗത വ്യാപാരകേന്ദ്രമായ സൂഖ് മുബാറക്കിയയിൽ സന്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന ആവശ്യം ശക്തം. സൂഖ് മുബാറകിയയിലെ ചെറുതും വലുതുമായ മുഴുവൻ കച്ചവട സ്ഥാപനങ്ങളും സ്വദേശി ചെറുപ്പക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം എം.പിമാരായ സാലിഹ് അൽ അശൂർ, സഫാ അൽ ഹാഷിം എന്നിവർ കരട് പ്രമേയത്തിലൂടെ പാർലിമെന്റിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. സ്വദേശി വൽക്കരണം നടപ്പാക്കുന്നതിൽ സർക്കാർ കൈക്കൊള്ളുന്ന മെല്ലെപ്പോക്ക് നയത്തെ സഫാ അൽ ഹാഷിം എം.പി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
വിദേശികളായ വ്യാപാരികൾ തോന്നിയ പോലെ വില വർദ്ധിപ്പിച്ചു സ്വദേശി ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്ന് അവർ ആരോപിച്ചു കുവൈത്തികൾ മടിയന്മാരാണെന്ന തെറ്റായ ധാരണ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും അവർ ആഹ്വാനം ചെയ്തു. പ്രസ്താവനകളിലും പ്രഖ്യാപനങ്ങളിലും ഒതുക്കാതെ നടപടി പ്രാവർത്തികമാക്കണമെന്ന് സാലിഹ് അൽ ആശൂർ എം.പി പറഞ്ഞു.
സൂഖിലെ കച്ചവട സംരംഭങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശി യുവതി−യുവാക്കൾക്ക് വിട്ടുകൊടുക്കുന്ന തരത്തിൽ നിയമനിർമ്മാണം നടക്കേണ്ടതുണ്ട്. കടകളുടെയും സ്ഥാപനങ്ങളുടെയും വാടക കരാർ സ്വദേശികളുടെ പേരിലാക്കുന്ന നടപടിയാണ് ആദ്യം തുടങ്ങേണ്ടതെന്നും സാലിഹ് അൽ ആശൂർ കൂട്ടിച്ചേർത്തു.

