സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ കേരളത്തില്‍ സാമ്പത്തികദുരന്തം: മുഖ്യമന്ത്രി

കോട്ടയം: സുപ്രീംകോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തില്‍ സാമ്പത്തിക ദുരന്തമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രം ചെയ്തതെന്നും കേന്ദ്ര നിലപാട് തിരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോട്ടയം കുറവിലങ്ങാട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ജിഎസ്ടി സംവിധാനം അനുസരിച്ച് ജിഎസ്ടി വകുപ്പിനെ അടിമുടി പുനഃസംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്‍റെ ഫലമായി 2020 - 21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി. എന്നാൽ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാന്‍റിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുക തന്നെ ചെയ്തു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്.
വികസന,ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി എടുക്കുന്ന വായ്പയെ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ സംസ്ഥാനത്തെ ഗുരുതരമായ വൈഷമ്യത്തിൽ എത്തിച്ചിരിക്കുന്നു. ഇതിങ്ങനെ തുടർന്നും മുന്നോട്ടുപോകുന്നത് അപകടകരമാണ്. വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്‍റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണു കേന്ദ്രം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
sadsaadsadsadsads