ഭക്തിയുടെയുടെയും മത സൗഹാർദത്തിന്റെയും പേട്ട തുള്ളൽ സമാപിച്ചു
നിറഞ്ഞ ഭക്തിയിൽ, മതേതര വിശ്വാസത്തെ ഓർമ്മിപ്പിച്ച് കൊണ്ട് എരുമേലിയിൽ പേട്ടതുള്ളൽ സമാപിച്ചു. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളളിൽ പങ്ക് ചേരാൻ ആയിരങ്ങളാണ് ഇന്നലെ എരുമേലിയിലെത്തിയത്.
ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഒത്തുചേരുന്ന പേട്ടതുള്ളൽ ആദ്യം നിർവഹിക്കുന്നത് അയ്യപ്പന്റെ മാതൃസ്ഥാനീയരായി കണക്കാക്കുന്ന അമ്പലപ്പുഴ സംഘമാണ്. രാവിലെ ഒമ്പതോടെ കൊച്ചമ്പലത്തിൽ പേട്ടപ്പണം സമർപ്പിച്ച് പ്രായശ്ചിത്ത പൂജകൾ പൂർത്തിയാക്കി അമ്പലപ്പുഴ സംഘം പ്രാർഥനാനിരതരായപ്പോൾ ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു. വർഷങ്ങളായി മുറതെറ്റാതെ നടന്ന ആചാരങ്ങൾക്ക് ഇത്തവണയും മുടക്കമുണ്ടായില്ല. നൈനാർ ജുംഅ മസ്ജിദിൽ കയറി വലംവച്ച് വാവരുടെ പ്രതിനിധിയെ ഒപ്പം ചേർത്താണ് സംഘത്തിന്റെ പേട്ടതുള്ളൽ വലിയമ്പലത്തിൽ സമാപിച്ചത്. സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായർ പേട്ടതുള്ളലിന് നേതൃത്വം നൽകി.
നട്ടുച്ചയ്ക്ക് ആകാശത്ത് വെള്ളിനക്ഷത്രം ദൃശ്യമാകുന്നത് കണ്ടാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചത്. വാവർ അമ്പലപ്പുഴയ്ക്കൊപ്പം പോയെന്ന വിശ്വാസത്തിൽ പള്ളിയിൽ കയറാതെ ആലങ്ങാട്ട് സംഘം പുറത്തുനിന്ന് അഭിവാദ്യമർപ്പിക്കുകയാണ് പതിവ്.
ഇരു സംഘങ്ങളെയും ജമാഅത്ത് ഭാരവാഹികൾ മുല്ലപ്പൂക്കൾ വിതറിയും ദേവസ്വംപ്രതിനിധികൾ പൂർണകുംഭങ്ങൾ നൽകിയുമാണ് സ്വീകരിച്ചത്.

