ആലപ്പുഴയിൽ അപൂർവ നേതൃമാറ്റം; കെ.കെ. ജയമ്മ അധ്യക്ഷ പദവിയിലേക്ക്


ആലപ്പുഴ നഗരസഭ നേതൃമാറ്റത്തിന് സി.പി.എം പാർലമെന്‍ററി പാർട്ടി യോഗത്തിൽ ധാരണ. സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് നഗരസഭ ചെയർപേഴ്സൻ സൗമ്യരാജിനെ മാറ്റാനും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് കെ.കെ. ജയമ്മയെ ആ പദവിയിലേക്ക് നിയോഗിക്കാനും ധാരണയായത്. ഈമാസം 15ന് സൗമ്യരാജ് രാജിക്കത്ത് സമർപ്പിക്കുമെന്നാണ് വിവരം.ജില്ല സെക്രേട്ടറിയറ്റ് തീരുമാനം സംസ്ഥാന നേതൃത്വത്തി‍െൻറ അംഗീകാരത്തിന് വിടണമെന്ന സാങ്കേതികത്വം മാത്രമാണ് ബാക്കിയുള്ളത്.

നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്ക് മുന്നിൽ പാർട്ടി തീരുമാനം ജില്ല സെക്രട്ടറി ആർ. നാസറാണ് അവതരിപ്പിച്ചത്. ഇരുവർക്കും പദവി രണ്ടരവർഷം വീതം നൽകാമെന്ന് ഒത്തുതീർപ്പ് ധാരണയുണ്ടായതായും അറിയിച്ചു. സി.പി.എമ്മിലെയും കേരള കോൺഗ്രസിലെയും സ്ഥിരം സമിതി അധ്യക്ഷന്മാരും മാറും. ലഹരിക്കടത്ത് കേസിൽ സി.പി.എം പുറത്താക്കിയ എ.ഷാനവാസിനുപകരം എൽ.ജെ.ഡിയിലെ നസീർ പുന്നക്കൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷത വഹിക്കും.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, ജില്ല കമ്മിറ്റി അംഗം പി.പി. ചിത്തരഞ്ജൻ എന്നിവർ പങ്കെടുത്തു.

അതേസമയം നേതൃമാറ്റത്തിൽ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തി. രണ്ടരവർഷം ശുചിത്വമേഖലയിലടക്കം മികച്ചരീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് നഗരസഭ അധ്യക്ഷ സൗമ്യരാജിന്‍റെ (ഇന്ദു ടീച്ചർ) കാലിടറിയത്. ചെയർപേഴ്സൻ സ്ഥാനമേൽക്കുമ്പോൾ രേഖാമൂലം പറയാതിരുന്ന ‘ഊഴം പങ്കിടൽ’ ഇപ്പോൾ അടിച്ചേൽപിച്ചെന്നാണ് ഒരുവിഭാഗത്തിന്‍റെ വിമർശനം. അതേസമയം, ഭരണവീഴ്ചയില്ലാതെ തന്നെ പദവിയിൽനിന്ന് ഒഴിയേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചത് കടുത്ത സി.പി.എം വിഭാഗീയതാണെന്നും ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടെന്നുമാണ് പാർട്ടി വിലയിരുത്തൽ. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചത്. അന്ന് വനിത സംവരണത്തിന്‍റെ കരുത്തിൽ അധ്യക്ഷ പദവിയിലെത്തിയ സൗമ്യരാജിനെതിരെ പ്രതിപക്ഷത്തിന് ഇതുവരെ കാര്യമായ വിമർശനം ഉയർത്താനായിട്ടില്ല. കോവിഡുകാലത്തും അല്ലാതെയും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തിയും സംസ്ഥാനത്തിന് മാതൃകയാകുന്ന രീതിയിൽ ശുചിത്വമേഖലയിലെ പ്രവർത്തനം നടത്തിയുമാണ് മുന്നേറിയത്.

article-image

SADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed