കേസുകളിൽ കേന്ദ്രസഹായം വേണം; വാളയാർ പെൺകുട്ടികളുടെ അമ്മയും മധുവിന്റെ അമ്മയും അമിത് ഷായെ കാണും

വാളയാർ പെൺകുട്ടികളുടെ അമ്മയും, മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. കേസുകളിൽ കേന്ദ്രസഹായം വേണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണുന്നത്. വാളയാർ കേസ് അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള സിബിഐ സംഘം വേണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെടും. തങ്ങൾക്ക് മാത്രമായി ഒരു അഭിഭാഷകൻ വേണമെന്നും ആവശ്യമുണ്ട്. ഇനിയൊരു കുടുംബവും ഇങ്ങനെ തെരുവിൽ അലയാന്‍ പാടില്ല. കേന്ദ്രമന്ത്രിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാളയാർ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്റെ അമ്മയുടെ ആവശ്യം. കേസിൽ സാക്ഷികൾ കൂറുമാറുന്ന സാഹചര്യമുണ്ടെന്നും ആഭ്യന്തരമന്ത്രിയെ അറിയിക്കുമെന്നും തിരുവനന്തപുരത്തെത്തിയ മധുവിന്റെ അമ്മ പറഞ്ഞു. ഇന്നലെയായിരുന്നു അമിത് ഷാ കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അമിത് ഷാക്ക് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. വിവിധ പരിപാടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ച് പോകും. നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചിരുന്നു. ഔദ്യോഗിക തിരക്കുകൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
zghcxfh