തീരശോഷണത്തിനെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെത്തിയ മത്സ്യത്തൊഴിലാളികളെ ഈഞ്ചക്കലില്‍ വച്ച് തടഞ്ഞ് പൊലീസ്.


വള്ളങ്ങളുമായാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയത്. ഇവരുടെ വള്ളങ്ങളും പൊലീസ് പിടിച്ചുവച്ചു. ദീര്‍ഘനേരം ഗതാഗതം തടസപ്പെട്ട ശേഷമാണ് മത്സ്യത്തൊഴിലാളികളെ സെക്രട്ടറിയേറ്റിലേക്ക് പോകാന്‍ പൊലീസ് അനുവദിച്ചത്.

സമരക്കാരെ അനുനയിപ്പിക്കാനാണ് പൊലീസ് ഈഞ്ചക്കലിലേക്ക് എത്തിയതെങ്കിലും പിന്നീട് ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് തീരശോഷണത്തില്‍ സര്‍ക്കാര്‍ നടപടി അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കാനെത്തിയത്.

എന്നാല്‍ ഇവരെ സെക്രട്ടറിയേറ്റിലേക്ക് പോകുന്നതില്‍ നിന്നും പൊലീസ് തടഞ്ഞതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് കഴക്കൂട്ടം, കോവളം ബൈപ്പാസ് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

ഗതാഗത തടസമുണ്ടാക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും സെക്രട്ടറിയേറ്റിലെത്താന്‍ സമ്മതിക്കാതിരുന്നതുകൊണ്ടാണ് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യേണ്ടി വന്നതെന്നും മത്സ്യത്തൊഴിലാളികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

‘അദാനിയെ വാഴിച്ചു, മത്സ്യത്തൊഴിലാളിയെ വഞ്ചിച്ചു’ എന്നെഴുതിയ ബാനറുകളുമായാണ് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തത്. മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരം ഉള്‍പ്പെടെ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും തങ്ങളുടെ വീടുകള്‍ പട്ടിണിയിലാണെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ ന്യായമായ ആശങ്കകള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.

You might also like

Most Viewed