ഹെൽമെറ്റിൽ ക്യാമറ വച്ചാൽ ഇനി പിഴ; ലൈസൻസ് വരെ റദ്ദാക്കും


ഹെൽമെറ്റിൽ ക്യാമറ വയ്ക്കുന്നവർക്ക് ഇനി പിടിവീഴും. ക്യാമറ വച്ച് ഹെൽമെറ്റ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമം ലംഘിച്ചാൽ ആയിരം രൂപ പിഴ ഈടാക്കാനും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോർ വാഹനാപകടങ്ങളിൽ ആളുകളുടെ മുഖത്ത് കൂടുതൽ പരിക്കേൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹെൽമറ്റിന് മുകളിൽ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടവർക്കാണ് മുഖത്ത് സാരമായി പരുക്കേറ്റിട്ടുള്ളത്. ഇതിനെ തുടർന്നാണ് ഗതാഗതവകുപ്പിന്റെ കർശന നടപടി.

നിയമം ലംഘിച്ചാൽ ആയിരം രൂപ പിഴ ഈടാക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്. ക്യാമറകൾ ഘടിപ്പിച്ച ഹെൽമെറ്റ് പലപ്പോഴും അപകടങ്ങളുടെ ആഘാതം വർധിപ്പിക്കുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തൽ. ക്യാമറ ഘടിപ്പിക്കുന്നത് ഹെൽമെറ്റിന് ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നുവെന്നും പഠനങ്ങളുണ്ടായിരുന്നു.

You might also like

Most Viewed