പീഡനക്കേസിൽ‍ പിസി ജോർ‍ജ് അറസ്റ്റിൽ


പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ‍ മുൻ എംഎൽ‍എ പിസി ജോർ‍ജ് അറസ്റ്റിൽ‍. സോളർ‍ കേസ് പ്രതിയായ യുവതിയുടെ പരാതിയിൽ‍ മ്യൂസിയം പൊലീസാണ് പിസി ജോർ‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (അ) വകുപ്പുകൾ‍ പ്രകാരമാണ് പിസി ജോർ‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങൾ‍ അയച്ചെന്നും പരാതിയിൽ‍ പറയുന്നു. 

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോർ‍ജിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. ഈ ചോദ്യം ചെയ്യലിനിടെയാണ് ജോർ‍ജിനെതിരെ പീഡന കേസെടുത്തത്. ഗൂഢാലോചനക്കേസിൽ‍ സാക്ഷിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ‍ നടത്തിയത്. തുടർ‍ന്ന് പൊലീസിൽ‍ പരാതി നൽ‍കുകയായിരുന്നു. പീഡനക്കേസിൽ‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ‍ വനിതാ മാധ്യമപ്രവർ‍ത്തകയെ അപമാനിക്കാനും പിസി ജോർ‍ജ് ശ്രമിച്ചു. അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പിസി ജോർ‍ജിന്റെ അപമര്യാദയോടെയുള്ള പെരുമാറ്റമുണ്ടായത്. പീഡന കേസിലെ ഇരയുടെ പേര് എന്തിന് പറഞ്ഞുയെന്ന മാധ്യമപ്രവർ‍ത്തകയുടെ ചോദ്യത്തിന്, പിന്നെ താങ്കളുടെ പേര് പറയട്ടെ എന്നാണ് പിസി ജോർ‍ജ് പ്രതികരിച്ചത്. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ‍ പ്രതികരിച്ചതോടെ പിസി ജോർ‍ജിന്റെ കൂടെയുണ്ടായിരുന്നവർ‍ മാധ്യമപ്രവർ‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. 

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് മറുപടി നൽ‍കി കൊണ്ടിരിക്കെ 11 മണിക്കാണ് ഈ കേസെടുത്തത്. തുടർ‍ന്നാണ് അറസ്റ്റ് നടന്നത്. "ഞാൻ ഒളിക്കാൻ ഉദേശിക്കുന്നില്ല. റിമാൻ‍ഡ് ചെയ്താലും സന്തോഷം. ശേഷം വസ്തുത ഞാൻ തെളിയിക്കും. ഞാൻ ഒരു സ്ത്രീയെയും പീഡിപ്പിക്കില്ല. ഞാൻ പൊതുപ്രവർ‍ത്തകനാണ്. അടുത്തവരുന്ന എല്ലാ പെൺകുട്ടികളെയും മോളേ, ചക്കരേ, സ്വന്തമേ എന്ന് അല്ലാതെ വിളിക്കാറില്ല. ആ സ്‌നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കെതിരെ പിണറായി വിജയന്റെ കാശും വാങ്ങി കാണിക്കുന്ന മര്യാദകേടിന് ദൈവം ക്ഷമിക്കട്ടേ.’’

You might also like

Most Viewed